ആലപ്പുഴ> പ്രഥമ കെ ആർ ഗൗരിയമ്മ ഫൗണ്ടഷൻ അന്തർദേശീയ പുരസ്കാരം ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേരയ്ക്ക്. എം എ ബേബി ചെയർമാനും ബിനോയ് വിശ്വം എംപി, കെ ആർ ഗൗരിയമ്മ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഡോ. പി സി ബീനാകുമാരി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. 3000 ഡോളറും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം ജനുവരി അഞ്ചിന് പകൽ 11.30ന് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡോ. അലൈഡ ഗുവേരയ്ക്ക് പുരസ്കാരം സമ്മാനിക്കും.
ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ ഒരാളായ കെ ആർ ഗൗരിയമ്മയുടെ പേരിലുള്ള പുരസ്കാരം സമൂഹത്തിൽ പുരോഗമനപരമായ മാറ്റംവരുത്താൻ കഴിഞ്ഞിട്ടുള്ള അലൈഡ ഗുവേരയ്ക്ക് നൽകാൻ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് എം എ ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വളർച്ചയ്ക്കും പുനരധിവാസത്തിനും അലൈഡ ഗുവേര ശക്തമായ ഇടപെടൽ നടത്തി. ലാറ്റിനമേരിക്കയിലെ കുട്ടികളുടെ ആരോഗ്യനിലവാരം ഉയർത്താൻ ലക്ഷ്യമിടുന്ന ക്യൂബൻ മെഡിക്കൽ മിഷനിലെ സജീവാംഗവുമാണ് അവർ.
ബിനോയ് വിശ്വം എംപി, ഡോ. പി സി ബീനാകുമാരി, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, അഡ്വ. പി ആർ ബാനർജി, അഡ്വ. പി ആർ പവിത്രൻ, ജി എൻ ശിവാനന്ദൻ, സി എം അനിൽകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.