ന്യൂഡൽഹി > ഒരു വർഷംതന്നെ 3000 കോടിയുടെ അധിക ബാധ്യത യാത്രക്കാർക്കുമേൽ ചുമത്തി ഇന്ത്യൻ റെയിൽവേ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് കൊള്ള പുറത്തായത്.
ഇതു വഴി 17851 കോടി രൂപയുടെ അധിക വരുമാനമാണ് റെയിൽവേക്കു 8 മാസങ്ങൾ കൊണ്ട് മാത്രം ഉണ്ടായത്. ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നില്ല എന്ന ന്യായം പറയുകയും, എന്നാൽ ഫ്ലെക്സി നിരക്കുകൾ വ്യാപകമാക്കിയും മുതിർന്ന പൗരന്മാരുടേതുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എടുത്തു കളഞ്ഞുമാണ് കൊള്ള തുടരുന്നത്. സാധാരണ നിരക്ക് വർധനവിൽനിന്നു ഉണ്ടാക്കുന്നതിനേക്കാൾ പല മടങ്ങ് കൂടുതൽ തുകയാണിതെന്നും ജോൺ ബ്രിട്ടാസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കോവിഡിന്റെ മറവില് റെയില്വേയില് ഇളവുകള് നിര്ത്തലാക്കിയും, ഫ്ലെക്സി ചാര്ജ് ഏര്പ്പെടുത്തിയുമുള്ള കേന്ദ്ര സര്ക്കാരിന്റെ പകല്ക്കൊള്ളയാണ് ജോണ് ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിലൂടെ പുറത്ത് വന്നത്. ഈ വര്ഷം ഒക്ടോബര് വരെ മാത്രം ഫ്ലെക്സി നിരക്കില് അധികവരുമാനം നേടയിത് 700 കോടി രൂപയോളമാണ്. കേന്ദ്രസര്ക്കാരിന്റെ പിന്വാതില്ക്കൊള്ളയാണ് വ്യക്തമായതെന്ന് ജോണ് ബ്രിട്ടാസ് എംപി പ്രതികരിച്ചു.
8 മാസത്തിനുള്ളിൽ യാത്രക്കാരുടെ വരുമാനത്തിൽ 76% വളർച്ചയാണ് ഉണ്ടായത്. സാധരണക്കാരുടെ പോക്കറ്റ് പിഴിഞ്ഞാണ് കേന്ദ്രം അധികവരുമാനമുണ്ടാക്കുന്നത്. മുതിര്ന്ന പൗരന്മാര്ക്കുള്ള യാത്രാ ഇളവ് പുനസ്ഥാപിക്കാനും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.