കൊച്ചി
ബേക്കറിയിൽനിന്ന് ജ്യൂസ് കുടിച്ചയുടൻ വിദ്യാർഥി മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്. കുട്ടി മരിച്ച് 11 വർഷത്തിനുശേഷമാണ് ഉത്തരവ്. കൊല്ലം പുനലൂർ സ്വദേശി റാണാപ്രതാപ് സിങ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസും ക്രൈംബ്രാഞ്ചും എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനായില്ലെന്ന് ആരോപിച്ച് അച്ഛൻ സുധീന്ദ്ര പ്രസാദ് നൽകിയ ഹർജിയിലാണ് ഉത്ത
രവ്.
നിയമപരമായി അന്വേഷിച്ച് ഉടൻ അന്തിമറിപ്പോർട്ട് സമർപ്പിക്കണമെന്നും എല്ലാ രേഖകളും സഹായങ്ങളും പൊലീസ് സിബിഐക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. ഹർജി പരിഗണനയിലിരിക്കെ, സുധീന്ദ്ര പ്രസാദ് മരിച്ചതിനാൽ സഹോദരൻ ഛത്രപതി ശിവജിയെ ഹർജിക്കാരനാക്കി കക്ഷിചേർത്താണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
2011 മാർച്ച് ഇരുപത്താറിനാണ് സംഭവം. എസ്എസ്എൽസി പരീക്ഷയുടെ അവസാനദിവസം റാണാപ്രതാപ് സിങ്ങും സുഹൃത്തുക്കളും സമീപത്തെ ബേക്കറിയിൽനിന്ന് ജ്യൂസ് കഴിച്ചു. വൈകിട്ട് നാലരയോടെ കുട്ടി മരിച്ചു. എന്നാൽ, സുഹൃത്തുക്കൾക്ക് പ്രശ്നമുണ്ടായില്ല. ആമാശയത്തിൽ ഫോർമിക് ആസിഡ് ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് എങ്ങനെയെന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. നരഹത്യയാണെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൃത്യത വരുത്താനായില്ല. ഒപ്പമുണ്ടായിരുന്ന നാല് സഹപാഠികൾക്കുനേരെ സംശയം ഉയർന്നെങ്കിലും തെളിവുണ്ടായില്ല. ഇതുസംബന്ധിച്ച അന്തിമറിപ്പോർട്ട് നൽകിയതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിക്കും പൊലീസ് മേധാവികൾക്കും പലതവണ പരാതി നൽകുകയും ചെയ്തു. കൂട്ടുകാരുടെ വസ്ത്രത്തിലും ബാഗിലും വിഷത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും മരണകാരണം വിഷമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. നരഹത്യയോ അബദ്ധത്തിൽ സംഭവിച്ചതോ ആകാമെന്ന റിപ്പോർട്ടുകൾ ഉണ്ടായിട്ടും കൃത്യമായ അന്വേഷണം ഉണ്ടാകാത്ത സാഹചര്യത്തിൽ, ഹർജിക്കാരന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.