കൽപ്പറ്റ
വലിയ യന്ത്ര സാമഗ്രികളുമായി ചുരം കയറിയ ട്രെയ്ലർ ലോറികൾ ശനിയാഴ്ച രാത്രി നഞ്ചങ്കോടേക്ക് തിരിക്കും. ബത്തേരി മുത്തങ്ങ വഴിയാണ് കർണാടകത്തിലേക്ക് കടക്കുക. വെള്ളിയാഴ്ച പുലർച്ചെ 2-.15ന് ജില്ലാ അതിർത്തിയായ ലക്കിടിയിലെത്തിയ വാഹനം പകൽ മുഴുവൻ നിർത്തിയിട്ടു. തുടർന്ന് രാത്രി 11.30ഓടെ പുറപ്പെട്ട ട്രെയ്ലർ കൽപ്പറ്റ ബൈപാസിൽ വെള്ളിയാഴ്ചത്തെ യാത്ര അവസാനിപ്പിച്ചു.
കഴിഞ്ഞദിവസം വാഹനം ചുരത്തിൽ വച്ച് ഇടയ്ക്ക് നിന്നുപോയതിനാൽ വാഹനത്തിന്റെ യന്ത്ര സംവിധാനം കൂടുതൽ പരിശോധനക്ക് വിധേയമാക്കി. പകൽ ഒരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചെന്നൈയിൽ നിന്നും മൈസൂരു നഞ്ചങ്കോട്ടെ നെസ്ലെ കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായി എത്തിയ രണ്ട് ട്രെയ്ലറുകളാണ് കഴിഞ്ഞ മൂന്ന് മാസമായി സുരക്ഷാകാരണങ്ങളാൽ അടിവാരത്ത് നിർത്തിയിടേണ്ടി വന്നത്. വ്യാഴം രാത്രി 11ന് അടിവാരത്തുനിന്നു പുറപ്പെട്ട ട്രക്കുകൾ ഒമ്പതു മുടിപ്പിൻ വളവുകൾ പിന്നിട്ടാണ് വയനാട്ടിലേക്ക് പ്രവേശിച്ചത്.
ചുരത്തിലെ ഒന്നാം വളവ് കയറുന്നതിനിടെ ട്രക്കുകളിൽ ഒന്നിന്റെ എൻജിൻ മൂന്നു തവണ ഓഫായത് ആശങ്ക പരത്തിയെങ്കിലും പിന്നീട് പ്രശ്നങ്ങൾ ഉണ്ടായില്ല.
പൊലീസ്, അഗ്നി-രക്ഷാസേന, ചുരം സംരക്ഷണ സമിതി അംഗങ്ങൾ എന്നിവർ ട്രക്കുകൾക്കൊപ്പം സഞ്ചരിച്ചു. ദേശീയപാത 766ൽ ചുരത്തിലും വയനാട് ഭാഗത്തും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.