നേമം (തിരുവനന്തപുരം)
പോരാട്ട വീഥിയിലെ പെൺകരുത്താണ് പി പങ്കജാക്ഷിയമ്മ. ജില്ലയിലെ സ്ത്രീകളെ സമൂഹത്തിലെ മുൻനിരയിലെത്തിക്കുന്നതിന് വലിയ പങ്കുവഹിച്ച കമ്യൂണിസ്റ്റ്. 1938ൽ ബാലരാമപുരത്തെ യാഥാസ്ഥിതിക ജന്മി കുടുംബത്തിലായിരുന്നു ജനനം. ചെറു പ്രായത്തിൽ സ്വാതന്ത്ര്യസമര സേനാനിയായ സഹോദരൻ ജി സോമശേഖരൻ നായരുടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായി കമ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങളിൽ സജീവമായി. നെയ്യാറ്റിൻകര താലൂക്കിൽ സ്ത്രീകളെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങൾ നടത്തി.
എ കെ ജിയോടൊപ്പം മിച്ചഭൂമി സമരത്തിൽ പങ്കെടുത്തതിന് പങ്കജാക്ഷിയമ്മയെ അറസ്റ്റു ചെയ്യുന്നതിനായി രാത്രി ഒമ്പതോടെ പൊലീസ് ബാലരാമപുരത്തെ വീട്ടിലെത്തി. വനിതാ പൊലീസ് ഇല്ലാതെ താൻ അറസ്റ്റു വരിക്കില്ലായെന്ന് പങ്കജാക്ഷിയമ്മ നിലപാടെടുത്തു.
ഗൗരിയമ്മ, സുശീല ഗോപാലൻ, ശാരദാമ്മ തുടങ്ങിയ വനിതാ നേതാക്കളുമായി ഏറെ അടുപ്പം സൂക്ഷിച്ചു. അവർക്കൊപ്പം ജയിൽവാസം അനുഭവിച്ചു. മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലയിൽ കെട്ടിപ്പടുക്കുന്നതിൽ പങ്കജാക്ഷിയമ്മയുടെ പങ്ക് വലുതാണ്. 1960ൽ ഗവൺമെന്റ് നോമിനിയായി ബാലരാമപുരം പഞ്ചായത്തിലെ ആദ്യ വനിതാംഗമായി. ദീർഘനാൾ ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറായിരുന്നു. സിപിഐ എം നേമം ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഡൽഹിയിൽ അഖിലേന്ത്യ സമ്മേളനം കഴിഞ്ഞു വരുമ്പോൾ 1989 നവംബർ ഏഴിനാണ് പങ്കജാക്ഷിയമ്മ മരിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനത്തിന് വീണ്ടും വേദിയാകുമ്പോൾ തിരുവനന്തപുരം നഗരത്തിൽ പങ്കജാക്ഷിയമ്മയുടെ ഓർമകൾ ജ്വലിക്കുന്നു.