കൽപ്പറ്റ
മേപ്പാടി പോളിടെക്നിക് കോളേജിൽ യുഡിഎസ്എഫ്–-മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിനിരയായ അപർണ ഗൗരിയുടെ കാഴ്ചയ്ക്ക് മങ്ങൽ. ‘ഇടതുകണ്ണിലൂടെ വ്യക്തമായി കാണാനാകുന്നില്ല. വെളിച്ചം കണ്ണിലടിക്കുമ്പോൾ അസ്വസ്ഥതയാണ്. പുറത്തേക്ക് നോക്കാനാകുന്നില്ല’–- അപർണ പറഞ്ഞു. മൂന്നാഴ്ചത്തെ ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കഴിഞ്ഞ ദിവസമാണ് അപർണ മേപ്പാടി ചൂരൽമലയിലെ വീട്ടിലെത്തിയത്. തലയ് ക്കേറ്റ ക്ഷതമാണ് കാഴ്ച മങ്ങാൻ കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. കാഴ്ച ശരിയാകാൻ വിദഗ്ധചികിത്സ വേണം. പിടിച്ച് നടക്കാൻ പ്രയാസമുണ്ട്. സംസാരിക്കുമ്പോൾ ശ്വാസംമുട്ടും. ഒരാഴ്ച കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പരിശോധന.
എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായ അപർണയെ ഡിസംബർ ഒന്നിനാണ് മേപ്പാടി പോളിടെക്നിക്കിൽ യുഡിഎസ്എഫ് പ്രവർത്തകരും മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിലെ അംഗങ്ങളും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. വലിയ മതിലിൽനിന്ന് താഴേക്ക് തള്ളിയിട്ടായിരുന്നു ക്രൂരമർദനം.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അപർണ പോളിയിൽ പോയത്. തെരഞ്ഞെടുപ്പിൽ മയക്കുമരുന്ന് സംഘത്തിനെതിരെ പ്രവർത്തിച്ചതിനായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. ആരോഗ്യം വീണ്ടെുത്താൽ ക്യാമ്പസുകളിലെ മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്നും അപർണ പറഞ്ഞു,