തിരുവനന്തപുരം
കേരള സർവകലാശാല വൈസ് ചാൻസലർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് ഗവർണറുടെ അമിതാധികാരത്തിനുള്ള തിരിച്ചടി. വിസി തെരഞ്ഞെടുപ്പിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം നാമനിർദേശം ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിയുമായി ബന്ധപ്പെട്ട കേസിൽ ഉൾച്ചേർത്തായിരുന്നു സെർച്ച് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസും ഹൈക്കോടതി പരിഗണിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട 15 സെനറ്റ് അംഗങ്ങളെയാണ് ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പുറത്താക്കിയത്. ആർഎസ്എസ് താൽപ്പര്യത്തിന് വഴങ്ങിയുള്ള ഈ നടപടിക്കെതിരെ സെനറ്റ് അംഗങ്ങൾ കോടതിയെ സമീപിച്ചു. ഇതിനിടെ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെനറ്റ് പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധിയായ മറ്റൊരു സെനറ്റ് അംഗം ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു. ഈ രണ്ടു ഹർജിയും ഒന്നിച്ച് ഉൾക്കൊള്ളിച്ചാണ് ഹൈക്കോടതി കേസ് കേട്ടത്. സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചത്. അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന് സ്റ്റേ നൽകിയതിലൂടെ ഫലത്തിൽ തിരിച്ചടിയേറ്റത് ഗവർണർക്കും സർവകലാശാലയിൽ ‘നുഴഞ്ഞുകയറാൻ’ ശ്രമിച്ച ആർഎസ്എസിനുമാണ്.
വൈസ് ചാൻസലർ നിയമനകാര്യത്തിൽ ചാൻസലറുടെ അധികാരങ്ങൾ സംബന്ധിച്ച് കേരള സർവകലാശാല നിയമവും യുജിസി ചട്ടങ്ങളും തമ്മിൽ വൈരുധ്യമുണ്ടായാൽ ഏത് നിലനിൽക്കുമെന്ന പ്രശ്നമാണ് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഇതേ പ്രശ്നമാണ് കേരള സാങ്കേതിക സർവകലാശാല വിഷയത്തിൽ കോടതി പരിഗണിച്ചത്.