തിരുവനന്തപുരം
സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതിക, നിയമ, സാമ്പത്തിക മേഖലകളിൽ സേവനം നൽകാൻ പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്യുഎം). ‘കേരള സ്റ്റാർട്ടപ് കോമൺസ്’ പദ്ധതിയിലൂടെ മിതമായ നിരക്കിൽ സേവനം ലഭ്യമാക്കലാണ് ലക്ഷ്യം. ഇതിന് വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് സേവനദാതാക്കളുടെ പാനൽ തയ്യാറാക്കും.
എംപാനൽ ചെയ്യുന്ന വിദഗ്ധരിൽനിന്ന് സ്റ്റാർട്ടപ്പുകൾക്ക് സേവനങ്ങൾ സ്വീകരിക്കാം. നിയമം, സാമ്പത്തിക സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശം സ്വീകരിക്കൽ, സാങ്കേതിക കൈമാറ്റം, ഉൽപ്പന്നങ്ങൾക്കുള്ള ഗുണമേന്മോ സാക്ഷ്യപത്രവും ലൈസൻസും ലഭ്യമാക്കൽ, ബിസിനസ് വിപുലീകരിക്കാനുള്ള നെറ്റ് വർക്കിങ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും.
താൽപ്പര്യമുള്ള സേവനദാതാക്കൾ സ്റ്റാർട്ടപ് മിഷനിൽ അപേക്ഷിക്കണം. കുറഞ്ഞത് അഞ്ചു വർഷം പ്രവൃത്തിപരിചയമുള്ള വ്യക്തികളോ രജിസ്റ്റേഡ് സ്ഥാപനങ്ങളോ ആകണം. വിവരങ്ങൾക്ക്: https://startupmission.in/startupcommons/.