തിരുവനന്തപുരം
റേഷൻകട വഴി വിതരണം ചെയ്യേണ്ട പുഴുക്കലരി വിഹിതം അനുവദിക്കാത്തതിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണമന്ത്രിയെ ആശങ്ക അറിയിച്ചതായി ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേന്ദ്ര സർക്കാർ എഫ്സിഐ വഴി 50 ശതമാനംവീതം പച്ചരി, പുഴുക്കലരി എന്ന തോതിലാണ് ഒരു വർഷമായി അരിവിഹിതം നൽകുന്നത്. രണ്ടു മാസമായി എഫ്സിഐയിൽനിന്ന് 90 ശതമാനം പച്ചരിയാണ് വിതരണം ചെയ്യുന്നത്.
പുഴുക്കലരിയുടെ ലഭ്യതക്കുറവ് കേരളത്തിൽ പൊതുവെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. മലബാറിലെ ജനങ്ങൾ ഭൂരിഭാഗവും പുഴുക്കലരി ഉപയോഗിക്കുന്നവരാണ്. റേഷൻകടവഴിയുള്ള പുഴുക്കലരി വിതരണം മുടങ്ങിയത് പൊതുവിപണിയിൽ അരിവില ഉയരാൻ കാരണമായി. മുൻഗണനാ കാർഡുകളായ അന്ത്യോദയ- അന്നയോജന കാർഡുടമകൾക്കും പുഴുക്കലരി ലഭ്യമാകാത്തത് റേഷൻ സമ്പ്രദായത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്. റേഷൻ വിഹിത അനുപാതം 50:50 ആയി പുനക്രമീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.