തിരുവനന്തപുരം
അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ശാസ്ത്രവിചാരം പുലരാനെന്ന മുദ്രാവാക്യമുയർത്തി സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അരുവിപ്പുറത്തുനിന്ന് വ്യാഴാഴ്ച ആരംഭിച്ച ദക്ഷിണമേഖലാ ജനചേതന യാത്രയ്ക്ക് ജില്ലയിൽ ഉജ്വല വരവേൽപ്പ്. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ക്യാപ്റ്റനായ ജാഥയ്ക്ക് രണ്ടാംദിനത്തിൽ അഞ്ച് കേന്ദ്രത്തിൽ സ്വീകരണം നൽകി. പൂജപ്പുര മൈതാനത്ത് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു.
കാട്ടാക്കട ബസ് സ്റ്റേഷനു സമീപം നൽകിയ സ്വീകരണം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വഴിയോര വിശ്രമകേന്ദ്രത്തിൽ നൽകിയ സ്വീകരണയോഗം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനംചെയ്തു. ജി സ്റ്റീഫൻ എംഎൽഎ, ഡോ. ഷിജൂഖാൻ തുടങ്ങിയവർ സംസാരിച്ചു. ആറ്റിങ്ങൽ കച്ചേരിനടയിൽ നൽകിയ സ്വീകരണയോഗം ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനംചെയ്തു. രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ സ്വീകരണ പരിപാടികൾ വർക്കല മൈതാനത്ത് അവസാനിച്ചു. വർക്കലയിൽ വി ജോയി എംഎൽഎ ഉദ്ഘാടനംചെയ്തു.
യാത്ര ശനിയാഴ്ച കൊല്ലം ജില്ലയിൽ തുടരും. താലൂക്ക് ലൈബ്രറി കൗൺസിലുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണങ്ങളിൽ നൂറുകണക്കിന് ലൈബ്രറി പ്രവർത്തകർ പങ്കെടുത്തു. ജനചേതന യാത്രയുടെ ക്യാപ്റ്റൻ വി കെ മധു, മാനേജർ ഡോ. പി കെ ഗോപൻ, എ പി ജയൻ, പ്രൊഫ. ടി കെ ജി നായർ, പി കെ ഹരികുമാർ, ജി കൃഷ്ണകുമാർ, കെ എൻ ബാബു, അജിത്കുമാർ കൊളാടി, ലിറ്റീഷ്യ ഫ്രാൻസിസ്, ലീല ഗംഗാധരൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.