കുമളി
ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ തമിഴ്നാട് തീർഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. മൂന്നു മൃതദേഹം പുറത്തെത്തിച്ചു. രക്ഷപെടുത്തിയ ഹരിഹരൻ എന്ന കുട്ടിയെ കുമളി സെന്റ് അഗസ്റ്റിൻസ് ആശുപത്രിയിലും രണ്ടുപേരെ തേനി മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കര – -ദിണ്ടിഗൽ ദേശീയപാതയിൽ ലോവർ ക്യാമ്പിനും കുമളിക്കും മധ്യേ ആദ്യ പെൻസ്റ്റോക്ക് പൈപ്പിന് സമീപം ഇറൈച്ചിൽപാലത്തിൽ വെള്ളി രാത്രി പതിനൊന്നോടെയാണ് അപകടം. 60 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിൽ നിന്നുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ ബന്ധുക്കളാണെന്നാണ് വിവരം.
തമിഴ്നാട്ടിലേക്ക് മുല്ലപ്പെരിയാർ വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പിലെ ഒന്നാംപാലത്തിന് സമീപം പൈപ്പിനുമുകളിലേക്കാണ് വാഹനം മറിഞ്ഞത്. പാലത്തിന് അടിയിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്.
വാഹനത്തിൽ പത്തോളം പേർ ഉണ്ടായിരുന്നതായാണ് സൂചന. പരിക്കേറ്റവർ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വനപ്രദേശമായതിനാൽ വൈകിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. അപകടം നടന്ന സ്ഥലം കൊടും വളവുകളും ചെങ്കുത്തായ ഇറക്കവും ഉള്ളപ്രദേശമാണ്. ഇവിടെ ദേശീയപാതയ്ക്ക് വീതികുറവാണ്. ഇതുവഴി കടന്നുപോയ വാഹനത്തിലുള്ളവരാണ് ആദ്യം അപകടം കണ്ടത്. പൊലീസും കുമളിയിലെ വ്യാപാരികളും ടാക്സി ഡ്രൈവർമാരും നാട്ടുകാരുംചേർന്നായിരുന്നു രക്ഷാപ്രവർത്തനം.