കൊച്ചി
ഇലന്തൂരിലെ ആഭിചാരക്കൊല കേസിൽ കുറ്റപത്രം ജനുവരി ആദ്യം സമർപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ മൂന്നാംപ്രതി ഇലന്തൂർ കാരംവേലി കടകംപള്ളിവീട്ടിൽ ലൈല ഭഗവൽസിങ്ങിന്റെ ജാമ്യഹർജിയെ എതിർത്താണ് സർക്കാർ വിശദീകരണം നൽകിയത്. കക്ഷികളുടെ വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഹർജി വിധിപറയാൻ മാറ്റി.
സ്ത്രീകളുടെ മൃതദേഹങ്ങൾ കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്നും നടന്നത് ആഭിചാരക്കൊലയാണെന്ന് കണ്ടെത്തിയതായും സർക്കാർ കോടതിയെ അറിയിച്ചു. ലൈലയ്ക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നതിന് തെളിവുകളുണ്ട്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തത് ഇവരാണ്. അടുക്കളയിലെ പാത്രങ്ങളിൽപ്പോലും രക്തക്കറയുണ്ടായിരുന്നു. ശാസ്ത്രീയതെളിവുകളും ഡിജിറ്റൽ തെളിവുകളുമുണ്ട്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും സർക്കാർ വ്യക്തമാക്കി.
കാലടി സ്വദേശിനി റോസ്ലിൻ, എറണാകുളത്ത് ലോട്ടറിക്കച്ചവടം നടത്തിയിരുന്ന പത്മ എന്നിവരെ ഒന്നാംപ്രതി പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണ് കേസ്.