ലണ്ടൻ
ലോകകപ്പിനുശേഷവും ഫുട്ബോൾ ആവേശം നിലയ്ക്കുന്നില്ല. ഇംഗ്ലീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള പോരാട്ടത്തോടെ കളം വീണ്ടും ഉണർന്നു. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ 3–-2ന് തകർത്ത് സിറ്റി ലീഗ് കപ്പിന്റെ ക്വാർട്ടറിലേക്ക് മുന്നേറി.ലോകകപ്പിൽ കളിക്കാൻ കഴിയാതിരുന്ന എർലിങ് ഹാലണ്ടിന്റെയും മുഹമ്മദ് സലായുടെയും മുഖാമുഖമായിരുന്നു ലീഗ് കപ്പിൽ. ഹാലണ്ട് സിറ്റിക്കായും സലാ ലിവർപൂളിനായും വല കുലുക്കി. ജയം സിറ്റിക്കൊപ്പം നിന്നു.
ഹാലണ്ടിന്റെ നോർവെയും സലായുടെ ഈജിപ്തും ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. ഇടവേളയ്ക്കുശേഷം കളത്തിൽ തിരിച്ചെത്തിയ ഇരുവരും മിന്നി. ആദ്യ റൗണ്ടിൽ പുറത്തായ ബൽജിയത്തിന്റെ കെവിൻ ഡി ബ്രയ്ൻ സിറ്റിക്കുവേണ്ടി തകർപ്പൻ കളിയാണ് പുറത്തെടുത്തത്. രണ്ടുതവണ പിന്നിലായിട്ടും തിരിച്ചുവന്ന ലിവർപൂൾ നതാൻ ആക്കെയുടെ ഗോളിലാണ് വീണത്.
കളി തുടങ്ങി 10–-ാംമിനിറ്റിൽത്തന്നെ ഹാലണ്ട് സിറ്റിയെ മുന്നിലെത്തിച്ചു. ഡി ബ്രയ്നാണ് അവസരമൊരുക്കിയത്. സീസണിൽ ഹാലണ്ടിന്റെ 24–-ാംഗോളായിരുന്നു ഇത്.
ലിവർപൂൾ ഉടൻ തിരിച്ചടിച്ചു. ഫാബിയോ കർവാലിയോ അവരെ ഒപ്പമെത്തിച്ചു. ഇടവേളയ്ക്കുശേഷമുള്ള ആദ്യഘട്ടത്തിൽത്തന്നെ റിയാദ് മഹ്റെസ്, പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് ലീഡൊരുക്കി. ലിവർപൂൾ വിട്ടുകൊടുത്തില്ല. നിമിഷങ്ങൾക്കുള്ളിൽ മറുപടി. സലാ ഗോളടിച്ചു. കളി മുറുകി. എന്നാൽ, 10 മിനിറ്റിനുള്ളിൽ ഡി ബ്രയ്ൻ ഒരുക്കിയ മനോഹര അവസരത്തിൽ ആക്കെ ലക്ഷ്യംകണ്ടതോടെ സിറ്റി ജയമുറപ്പിച്ചു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ അഞ്ചുതവണ സിറ്റി ലീഗ് കപ്പിൽ ചാമ്പ്യൻമാരായി. 2016ലാണ് ഗ്വാർഡിയോള സിറ്റിയുടെ പരിശീലകനായെത്തുന്നത്. ഒമ്പത് പ്രധാന കിരീടങ്ങൾ ഈ സ്പാനിഷുകാരൻ സിറ്റിക്ക് നൽകി.ജനുവരി ഒമ്പതിന് സതാംപ്ടനുമായാണ് സിറ്റിയുടെ ക്വാർട്ടർ മത്സരം. അഴ്സണൽ, ചെൽസി, ടോട്ടനം ഹോട്സ്പർ ക്ലബ്ബുകൾ പുറത്തായി.