തിരുവനന്തപുരം
തിരുവനന്തപുരം മുട്ടത്തറയിൽ ഇനി 400 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് ഉയരും. പദ്ധതിക്ക് ധനവകുപ്പ് 81 കോടി രൂപ അനുവദിച്ചു. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുകയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ സംസ്ഥാന സർക്കാർ നൽകിയ മറ്റൊരു ഉറപ്പുകൂടി ഇതുവഴി പാലിക്കപ്പെടുകയാണ്.
മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മുട്ടത്തറയിലെ എട്ട് ഏക്കർ ഭൂമി ഫ്ലാറ്റ് നിർമാണത്തിനായി ഫിഷറീസ് വകുപ്പിന് കൈമാറിയിരുന്നു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ചുറ്റുമതിൽ, വൈദ്യുതി, കുടിവെള്ള കണക്ഷൻ ഉൾപ്പെടെ താമസിക്കാൻ പൂർണ സജ്ജമാക്കിയ ഫ്ലാറ്റാണ് നിർമിച്ച് കൈമാറുക. രണ്ട് ബെഡ് റൂം, ഹാൾ, കിച്ചൻ അടക്കം 636 ചതുരശ്രയടിയിലാണ് ഓരോ ഫ്ലാറ്റും. എട്ട് യൂണിറ്റുകൾ വീതമുള്ള 50 ഫ്ലാറ്റ് സമുച്ചയങ്ങളാണുണ്ടാകുക.
ഹാർബർ എൻജിനിയറിങ് വകുപ്പിനാണ് നിർമാണ മേൽനോട്ടം. ലിമിറ്റഡ് ടെൻഡറിലൂടെയാണ് പദ്ധതി നടപ്പാക്കുക. കടൽക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഉൾപ്പെടെ മുട്ടത്തറയിലെ ഫ്ലാറ്റ് കൈമാറും.