പാരീസ്
പാരീസിൽ നടന്ന വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. കുർദിഷ് സാംസ്കാരികകേന്ദ്രത്തിനും ഹെയർഡ്രെസിങ് സലൂണിനും നേരെയാണ് വെടിവയ്പ് നടന്നത്. കുർദിഷ് ജനവിഭാഗം തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് വെടിവയ്പ്. തോക്കുമായി എത്തിയ 69 വയസ്സുള്ള ഫ്രഞ്ച് പൗരനാണ് വെടിയുതിർത്തത്. 2016ലും 2021ലും ഇയാൾ കൊലപാതകശ്രമങ്ങൾ നടത്തിയിരുന്നു.
പാരീസ് മേഖലയിലെ കുർദിഷ് ജനതയുടെ കൂട്ടായ്മയാണ് കുർദിഷ് കമ്യൂണിറ്റി സെന്റർ. കുർദിഷ് വിഭാഗങ്ങളോടുള്ള വംശീയവിദ്വേഷമാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ഇതിനുമുമ്പ് ഇയാൾ നടത്തിയ ആക്രമണങ്ങളും അഭയാർഥികൾക്കുനേരെയായിരുന്നു. കുർദുകൾക്കുനേരെ നടന്നത് വംശീയ ആക്രമണമാണെന്ന് ഫ്രഞ്ച് ദേശീയ അസംബ്ലി അംഗം മാറ്റിൽഡ് പനോ പറഞ്ഞു.