നാഗ്പുർ
കർണാടകയുമായുള്ള അതിർത്തിത്തർക്കത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തള്ളി മഹാരാഷ്ട്രയും രംഗത്ത്. കർണാടകത്തിനെതിരെ തിങ്കളാഴ്ച നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ശംഭുരാജ് ദേശായി പറഞ്ഞു.
കർണാടകം കഴിഞ്ഞദിവസം പ്രമേയം പാസാക്കിയതിന് മറുപടിയായാണ് നീക്കം. കർണാടകം അവതരിപ്പിച്ചതിനേക്കാൾ പത്ത് മടങ്ങ് ഫലപ്രദമായ പ്രമേയമാകും തങ്ങൾ പാസാക്കുകയെന്ന് ദേശായി അവകാശപ്പെട്ടു. അതിർത്തിത്തർക്കത്തിൽ സംസ്ഥാനത്തിന്റെ നിലപാട് ഉയർത്തിപ്പിടിക്കുമെന്നും ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നുമായിരുന്നു കർണാടകത്തിന്റെ പ്രമേയം. നേരത്തേ വിഷയത്തിൽ ഒരു പ്രകോപനവും ഇനിയുണ്ടാകില്ലെന്ന് ബിജെപി ഭരിക്കുന്ന ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു ധാരണ.