ന്യൂഡൽഹി
യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ കുറ്റപ്പെടുത്തിയ പരാമർശത്തിൽ ഉറച്ച് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ. പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ആവശ്യം ധൻഖർ തള്ളി.
ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ മന്ത്രിമാരെയും ഭരണഘടനാ പദവി വഹിക്കുന്ന ഒരാളെയും സർക്കാർ ഏർപ്പെടുത്തിയെന്ന് ബുധനാഴ്ച കോൺഗ്രസ് പാർലമെന്ററി പാർടി യോഗത്തിൽ സോണിയ പറഞ്ഞിരുന്നു. ഈ പരാമർശം അനുചിതമായെന്ന് അടുത്തദിവസം ധൻഖർ സഭയിൽ പറഞ്ഞു. വെള്ളിയാഴ്ച സഭ ചേർന്ന ഘട്ടത്തിൽത്തന്നെ ഖാർഗെയും കോൺഗ്രസ് അംഗം പ്രമോദ് തിവാരിയും വിഷയം ഉയർത്തി. രാജ്യസഭാംഗമല്ലാത്ത ഒരാൾ സഭയ്ക്ക് പുറത്തുനടത്തിയ പരാമർശത്തെക്കുറിച്ച് സഭാധ്യക്ഷൻ അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ലെന്ന് ഖാർഗെ പറഞ്ഞു. ഇത്തരമൊരു കാര്യം മുമ്പുണ്ടായിട്ടില്ല. ഇത് കീഴ്വഴക്കമാകും. രേഖകളിൽനിന്ന് നീക്കണം–- ഖാർഗെ ആവശ്യപ്പെട്ടു.
എന്നാൽ, നിലപാടിൽ ഉറച്ചുനിന്ന ധൻഖർ സവിശേഷമായ കാര്യമായതുകൊണ്ടാണ് സഭയിൽ പ്രതികരിച്ചതെന്ന് അവകാശപ്പെട്ടു. അതിനെ പക്ഷപാതപരമായ നിലപാടായി കാണേണ്ടതില്ല. താൻ ഏതെങ്കിലും പക്ഷത്തിനായി നിലകൊള്ളുന്നയാളല്ല–- ധൻഖർ പറഞ്ഞു.