കൊച്ചി
ഐപിഎൽ താരലേലത്തിൽ നേട്ടം കൊയ്തത് വിദേശതാരങ്ങൾ. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ മികച്ച താരമായ സാം കറനൊപ്പം കിരീടനേട്ടത്തിൽ പ്രധാനിയായ ബെൻ സ്റ്റോക്സിനും പൊന്നുംവിലയായിരുന്നു ലേലത്തിൽ. മറ്റൊരു ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കും മിന്നി. ഓൾ റൗണ്ടർമാർക്കും വെടിക്കെട്ട് ബാറ്റർമാർക്കുമായിരുന്നു കൂടുതൽ ആവശ്യക്കാർ. ഹാരി ബ്രൂക്ക്, ഹെൻറിച്ച് ക്ലാസെൻ, ജാസൺ ഹോൾഡർ എന്നീ താരങ്ങൾക്കെല്ലാം മികച്ച തുക കിട്ടി.
ഇന്ത്യൻ താരങ്ങളിൽ കൂടുതൽ തുക ഓപ്പണർ മായങ്ക് അഗർവാളിനായിരുന്നു. 8.25 കോടി രൂപയ്ക്ക് മായങ്കിനെ സൺറൈസേഴ്സ് ഹൈദരാബാദ് നേടി. പേസർ ശിവം മാവിയെ ആറ് കോടി രൂപയ്ക്ക് ഗുജറാത്ത് ടെെറ്റൻസ് നേടി. മുൻ ഇന്ത്യൻ താരം മനീഷ് പാണ്ഡെയെ 2.4 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
ലേലദിനം കൂടുതൽ താരങ്ങളെ സ്വന്തമാക്കിയത് സൺറൈസേഴ്സ് ഹൈദരാബാദായിരുന്നു. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് ടീമുകളും നേട്ടമുണ്ടാക്കി. ചെന്നൈക്ക് ബെൻ സ്റ്റോക്സ് കരുത്തായപ്പോൾ കാമറൂൺ ഗ്രീനിലൂടെ മുംബൈയും മിന്നി. പഞ്ചാബിന് സാംകറൻ നേട്ടമായി. സിംബാബ്വെ ഓൾ റൗണ്ടർ സിക്കന്ദർ റാസയും പഞ്ചാബ് നിരയിലെത്തി.
ഷാക്കിബ് അൽ ഹസൻ, ജോ റൂട്ട് എന്നീ മുൻനിര താരങ്ങളെ ആദ്യ ഘട്ടത്തിൽ വാങ്ങാൻ ആളുണ്ടായില്ല. റൂട്ടിനെ അവസാന ഘട്ടത്തിൽ രാജസ്ഥാൻ റോയൽസും ഷാക്കിബിനെ കൊൽക്കത്ത നെെറ്റ് റൈഡേഴ്സും അടിസ്ഥാന വിലയ്ക്ക് കൂടാരത്തിലത്തിക്കുകയായിരുന്നു.
അതിനിടെ ചില ആഭ്യന്തര താരങ്ങൾ അപ്രതീക്ഷിത നേട്ടമുണ്ടാക്കി. ബംഗാളിന്റെ മുകേഷ് കുമാറിനെ 5.5 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസാണ് സ്വന്തമാക്കിയത്. ജമ്മുകശ്മീർ ഓൾ റൗണ്ടർ വിവ്രാന്ത് ശർമ 2.60 കോടി രൂപയ്ക്ക് ഹൈദരാബാദിലെത്തി. ഇരുവർക്കും 20 ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില. മലയാളി താരങ്ങളായ വിഷ്ണു വിനോദ് 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലും പി എ അബ്ദുൾ ബാസിത് ഇതേ വിലയ്ക്ക് രാജസ്ഥാനിലുമെത്തി. മറ്റൊരു മലയാളി താരം കെ എം ആസിഫിനെ രാജസ്ഥാനാണ് എത്തിച്ചത്. സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ നിരയിൽ ഇതോടെ മൂന്നു മലയാളി താരങ്ങളായി. ആസിഫിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ എത്തിച്ചത്. രോഹൻ എസ് കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദീൻ എന്നിവർക്ക് ഇടംകിട്ടിയില്ല.
കറന് കോടിക്കിലുക്കം
ഐപിഎൽ ക്രിക്കറ്റ് മിനി താരലേലത്തിൽ ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറന് റെക്കോഡ് തുക. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് കറനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി. 18.50 കോടി രൂപയാണ് മുടക്കിയത്.കൊച്ചിയിൽ നടന്ന മിനി ലേലത്തിൽ ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീൻ (17.50 കോടി), ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് (16.25 കോടി), വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പുരാൻ (16 കോടി) എന്നിവരും നേട്ടമുണ്ടാക്കി. സ്റ്റോക്സിനെ ചെന്നൈ സൂപ്പർ കിങ്സും ഗ്രീനിനെ മുംബൈ ഇന്ത്യൻസും പുരാനെ ലഖ്നൗ സൂപ്പർ ജയന്റ്സും സ്വന്തമാക്കി. ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് കൂടാരത്തിലെത്തിച്ചു. രണ്ടുകോടി രൂപയായിരുന്നു കറന്റെ അടിസ്ഥാനവില. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായിരുന്നു ആദ്യം രംഗത്ത്. പിന്നാലെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും രംഗത്തെത്തിയതോടെ വില ഉയർന്നു.
ടീമുകൾ, പ്രധാന താരങ്ങൾ
രാജസ്ഥാൻ റോയൽസ്
ജാസൺ ഹോൾഡർ (5.75 കോടി), ജോ റൂട്ട് (ഒരുകോടി), അബ്ദുൾ ബാസിത് (20 ലക്ഷം), മുരുഗൻ അശ്വിൻ (20 ലക്ഷം), ആസിഫ് (30 ലക്ഷം), ആദം സാമ്പ (1.50 കോടി)
പഞ്ചാബ് കിങ്സ്
സിക്കന്ദർ റാസ (50 ലക്ഷം), സാം കറൻ (18.50 കോടി)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഹിമാൻഷു ശർമ (20 ലക്ഷം), റീസേ ടോപ്ലി (1.90 കോടി), വിൽ ജാക്സ് (3.20 കോടി)
മുംബൈ ഇന്ത്യൻസ്
ജൈ റിച്ചാർഡ്സൺ (1.50 കോടി), കാമറൂൺ ഗ്രീൻ (17.50 കോടി), വിഷ്ണു വിനോദ് (20 ലക്ഷം), പീയുഷ് ചൗള (50 ലക്ഷം)
കൊൽക്കത്ത
നൈറ്റ് റൈഡേഴ്സ്
എൻ ജഗദീശൻ (90 ലക്ഷം), വൈഭവ് അറോറ (60 ലക്ഷം), ഷാക്കിബ് (1.50 കോടി)
സൺറൈസേഴ്സ്
ഹൈദരാബാദ്
ഉപേന്ദ്ര യാദവ് (25 ലക്ഷം), സൻവീർ സിങ് (20 ലക്ഷം), സമർഥ് വ്യാസ് (20 ലക്ഷം), വിവ്രാന്ത് ശർമ (2.60 കോടി), മായങ്ക് അഗർവാൾ (8.25 കോടി), മായങ്ക് മാർക്കണ്ടേ (50 ലക്ഷം), ആദിൽ റഷീദ് (2 കോടി), ഹെൻറിച്ച് ക്ലാസെൻ (5.25 കോടി), ഹാരി ബ്രൂക്ക് (13.25 കോടി)
ഡൽഹി ക്യാപിറ്റൽസ്
മുകേഷ് കുമാർ (5.50 കോടി), മനീഷ് പാണ്ഡെ (4.40 കോടി), ഇശാന്ത് ശർമ (50 ലക്ഷം), ഫിൽ സാൾട്ട് (2 കോടി), മനീഷ് പാണ്ഡെ (2.40 കോടി)
ലഖ്നൗ സൂപ്പർ ജയന്റ്സ്
യാഷ് ഠാക്കൂർ (45 ലക്ഷം), ജയദേവ് ഉനദ്ഘട്ട് (50 ലക്ഷം), നിക്കോളാസ് പുരാൻ (16 കോടി), ഡാനിയേൽ സാംസ് (75 ലക്ഷം), റൊമാരിയോ ഷെപ്പേർഡ് (50 ലക്ഷം)
ഗുജറാത്ത് ടൈറ്റൻസ്
ശിവം മാവി (6 കോടി), ശ്രീകർ ഭരത് (1.20 കോടി), ഒഡിയൻ സ്മിത്ത് (50 ലക്ഷം), കെയ്ൻ വില്യംസൺ (2 കോടി), ജോഷ്വ ലിറ്റിൽ (4.40 കോടി)
ചെന്നൈ സൂപ്പർ കിങ്സ്
നിശാന്ത് സിദ്ധു (60 ലക്ഷം), ഷെയ്ഖ് റഷീദ് (20 ലക്ഷം), അജിൻക്യ രഹാനെ (50 ലക്ഷം), ബെൻ സ്റ്റോക്സ് (16.25 കോടി), കൈൽ ജാമിസൺ (ഒരുകോടി)