ബംഗളൂരു> കർണാടക ഐ ടി തൊഴിലാളി യൂണിയന്റെ (കെഐടിയു) മൂന്നാം സമ്മേളനം ഡിസംബർ 17,-18 തീയതികളിൽ ബാംഗ്ലൂരിൽ ചേർന്നു. കൂടുതൽ മേഖലകളിലേക്ക് സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. പ്രതിനിധി സമ്മേളനത്തിന് മുൻപായി ചേർന്ന പൊതുസമ്മേളനം കെഐടിയു മുൻ പ്രസിഡന്റ് അമനുള്ള ഖാൻ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
3425 അംഗങ്ങളെ പ്രതിനീധികരിച്ച് 14 യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കെഐടിയു സെക്രട്ടറി സൂരജ് നിടിയങ്ങ റിപ്പോർട്ട് അവതരിപ്പിച്ചു. ഐടി മേഖലയിലെ പൊതുവായ പ്രശ്നങ്ങളും ഈ കാലഘട്ടത്തിൽ ഏറെ ഉയർന്നുവന്ന വർക്ക് ഫ്രം ഹോം സമ്പ്രദായത്തിന്റെ വിവിധ വശങ്ങളും കോവിഡ് മൂലം ഐ ടി മേഖലയിലും തൊഴിലാളികളിലും ഉണ്ടായ ആഘാതങ്ങളും വിശദമായി തന്നെ സമ്മേളനം പരിശോധിച്ചു.
നോട്ടീസ് പീരീഡ് നീട്ടുന്നതിന് എതിരെയും, ജോലിസ്ഥലത്തെ സ്ത്രീകൾ നേരിടുന്ന വിഷയങ്ങളിലും, ജോലി സമയം നീട്ടുന്നതിനെതിരെയും, ക്രഷേ സംമ്പ്രദായം നിർബന്ധമായും നടപ്പിലാക്കുന്നതിനു വേണ്ടിയും സമ്മേളനം പ്രമേയങ്ങൾ അംഗീകരിച്ചു. ഐടി മേഖലയിലെ എല്ലാ തൊഴിലിടങ്ങളിലും ക്രഷേ സംവിധാനം നടപ്പിലാക്കണമെന്ന നിയമം നിലവിലുള്ളപ്പോഴും ഒരു സ്ഥലത്തും കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ കുട്ടികൾക്കുള്ള ഡേ കെയർ സംവിധാനം ആണ് ക്രഷേ. ഐടി മേഖലയിലെ തൊഴിലാളികളിലെ ഒരു വലിയ വിഭാഗം വനിതകൾ ആണെന്നത് ഈ ആവശ്യത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ഇക്കാരണം കൊണ്ട് തന്നെ ഒരുപാട് സ്ത്രീകൾക്ക് അവരുടെ ജോലി രാജി വെയ്ക്കേണ്ട അവസ്ഥയും വരുന്നുണ്ടെന്ന് സമ്മേളനം നിരീക്ഷിച്ചു. തൊഴിലും വ്യക്തിജീവിതവും കൃത്യമായി ക്രമീകരിക്കാനുള്ള അവകാശം സമ്മേളനം പ്രധാനപ്പെട്ട പ്രശ്നമായി ചർച്ച ചെയ്തു. തൊഴിലാളികൾക്ക് മികച്ച തൊഴിൽ സാഹചര്യങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് പകരം നോട്ടീസ് പീരീഡ് കാലാവധി നീട്ടാനും തൊഴിലിടത്തിൽ നിന്ന് പിരിഞ്ഞു പോയാലും തൊഴിലാളികൾക്ക് മേൽ ചില അവകാശങ്ങൾ ഉറപ്പിക്കുന്ന നോൺ-കോംപീറ്റ് കരാറുകൾ നിർബന്ധപൂർവം ഒപ്പിടീക്കുന്ന രീതികൾക്കെതിരെയും സമ്മേളനം പ്രമേയം പാസാക്കി.
ഐ ടി മേഖലയിലെ തൊഴിലാളി വിരുദ്ധ നീക്കങ്ങളെ തടയാൻ ശക്തമായ സംഘടനാ പ്രവർത്തനവും തൊഴിലാളി മുന്നേറ്റവും ആവശ്യമാണെന്ന് സമ്മേളനം ചർച്ച ചെയ്തു. യൂണിയന്റെ ശക്തി വർധിപ്പിക്കാനുള്ള നിരവധി നിർദേശങ്ങളും സമ്മേളനം മുമ്പോട്ട് വെച്ചു.
49 സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 13 ഭാരവാഹികളെയും ഏകകണ്ഠമായി തെരഞ്ഞെടുത്ത സമ്മേളനം പ്രസിഡന്റായി വി ജെ കെ നായരെയും ജനറൽ സെക്രട്ടറിയായി സൂരജ് നിടിയങ്ങയെയും ട്രഷറർ ആയി അമൽ പിയെയും തെരഞ്ഞെടുത്തു. ഐടി മേഖലയിലെ മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്താൻ ആഹ്വാനം നൽകിയാണ് സമ്മേളനം സമാപിച്ചത്.
മുതിർന്ന തൊഴിലാളി നേതാവും യൂണിയൻ പ്രസിഡന്റുമായ വിജെകെ, തമിഴ്നാട് ഐടി തൊഴിലാളി യൂണിയൻ (യുഎൻഐടിഇ) ജനറൽ സെക്രട്ടറി അളകുനമ്പി വെൽകിൻ, അഖിലേന്ത്യാ കോർഡിനേഷൻ കമ്മറ്റി കൺവീനർ ഗോപികുമാർ കെഐടിയു ഉപദേശക സമിതി അംഗം വസന്ത രാജ് കെഐടിയു വൈസ് പ്രസിഡന്റ് ടികെഎസ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ രണ്ടു മാസമായി ബാംഗ്ലൂർ കേന്ദ്രീകരിച്ചു നൂറുകണക്കിന് ഐടി തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന വിശ്രമമില്ലാത്ത തയ്യാറെടുപ്പുകളാണ് സമ്മേളനത്തെ ഇവ്വിധം വിജയകരമായി പൂർത്തിയാക്കാൻ സഹായകരമായത്. കെഐടിയുവിന്റെ പതിനാല് യുണിറ്റ് സമ്മേളനങ്ങളും നവംബറിൽ തന്നെ പൂർത്തിയാക്കിയാണ് സമ്മേളനത്തിലേക്ക് കടന്നത്. ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് സമ്മേളനത്തിന്റെ പോസ്റ്റർ പ്രചാരണവും നോട്ടീസ് വിതരണവുമായി സമ്മേളനത്തിന്റെ സന്ദേശം നാടെങ്ങും എത്തിക്കാൻ പ്രവർത്തകർക്ക് സാധിച്ചു. സമ്മേളനം നടന്ന മടിവാളയിലെ കെഐടിയു ആസ്ഥാനം ഈ മാസം നാലാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്. ഈ ഓഫീസ് കേന്ദ്രീകരിച്ചു അതിശക്തമായ തൊഴിലാളി മുന്നേറ്റത്തിന് ആഹ്വാനം ചെയ്താണ് കെഐടിയുവിന്റെ മൂന്നാം സമ്മേളനം സമാപിച്ചത്.