ചേലക്കര> ബാങ്ക് നിയമനത്തിന് കോഴ ചോദിക്കുന്ന വിധത്തില് സംഭാഷണം നടത്തിയ ചേലക്കര ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ടി എം കൃഷ്ണന് തല്സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കെ പി സി സി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും അയച്ചുകൊടുത്തു. ഫോണ് സംഭാഷണം ആളിക്കത്തിയതോടെ ഡിസിസി പ്രസിഡന്റ് ജോസ് വളളൂര് ഇടപെട്ട് ഡിസംബര് 21, 22 തിയ്യതികളില് നടത്തുന്ന പൗരവിചാരണ വാഹനജാഥയില് പങ്കെടുക്കുന്നതില് നിന്നും ടി എം കൃഷ്ണന് വിലക്കേര്പ്പെടുത്തിയിരുന്നു. ടി എം കൃഷ്ണനാണ് വാഹനജാഥ നയിക്കാനിരുന്നത്.
കോണ്ഗ്രസ് ഭരണത്തിലുള്ള കിള്ളിമംഗലം സര്വീസ് സഹകരണ ബാങ്കിലെ നിയമനത്തിനുവേണ്ടി ’10 ഉണ്ടെങ്കില് സെറ്റില്’
ചെയ്യാമെന്ന രീതിയില് ടി എം കൃഷ്ണനും പാഞ്ഞാള് മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ടി കെ വാസുദേവനും തമ്മിലുള്ള ഫോണ് സംഭാഷണമാണ് പുറത്തായിരുന്നത്. വള്ളത്തോള് നഗര് ബ്ലോക്ക് മുന് കോണ്ഗ്രസ് പ്രസിഡന്റ് സി പി ഗോവിന്ദന്കുട്ടിയുടെ മകന്റെ നിയമനത്തിനുവേണ്ടി സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
പാര്ട്ടിയെയും ടി എം കൃഷ്ണനെയും സമൂഹത്തില് അപകീര്ത്തിപ്പെടുത്തുവാന് കോണ്ഗ്രസ് പാര്ട്ടിയിലെ ചില നേതാക്കള് പത്ര-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളില് അനവസരത്തില് നടത്തിയ പ്രസ്താവനകള് നിയന്ത്രിക്കാന് തക്കസമയത്ത് പാര്ട്ടി നേതൃത്വം ഇടപെടാത്തതിനാലാണ് രാജിയെന്നാണ് കത്തില് പറഞ്ഞിരിക്കുന്ന കാരണം.