കൊച്ചി
ബഫർസോൺ വിഷയത്തിൽ വീണ്ടും രാഷ്ട്രീയ മുതലെടുപ്പുനീക്കവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് മറുപടി പറയാനെന്ന പേരിൽ വിളിച്ച വാർത്താസമ്മേളനത്തിൽ നുണകൾ ആവർത്തിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻചാണ്ടി സർക്കാർ ജനവാസമേഖലകളെ ഒഴിവാക്കി കേന്ദ്രസർക്കാരിന് പരിസ്ഥിതിലോല മേഖല നിശ്ചയിക്കാൻ റിപ്പോർട്ട് നൽകിയെന്നും ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ വിശദാംശങ്ങൾ സമർപ്പിച്ചില്ലെന്നുമാണ് സതീശന്റെ വാദം. എന്നാൽ, പരിസ്ഥിതിലോല മേഖല വ്യക്തമാക്കുന്ന കൃത്യമായ ഭൂപടം, ജനവാസമേഖലകളെ സൂചിപ്പിക്കുന്ന കളർകോഡ് എന്നിവയില്ലാതെ യുഡിഎഫ് സർക്കാർ റിപ്പോർട്ട് നൽകിയതിനാലാണ് കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയം വിശദാംശം തേടിയത്. 12 കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്നും യുഡിഎഫ് സർക്കാർ തീരുമാനിച്ചു. ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കി പുതിയ റിപ്പോർട്ട് നൽകിയത് എൽഡിഎഫ് സർക്കാരാണ്.
ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന ജൂൺ മൂന്നിലെ സുപ്രീംകോടതി വിധിയുണ്ടായത് എൽഡിഎഫ് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു സതീശന്റെ മറ്റൊരു നുണ. നീലഗിരി വനമേഖല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി എൻ ഗോദവർമൻ തിരുമുൽപ്പാട് നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്.
യുഡിഎഫ് ഭരണകാലത്ത് തന്റെ നേതൃത്വത്തിലുണ്ടാക്കിയ ഉപസമിതിയുടെ നിലപാട് വിശദീകരിക്കാൻ സതീശൻ ശ്രമിച്ചത് സെൽഫ്ഗോളായി. 10 കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന കേന്ദ്രസർക്കാരിന്റെ ദർശനരേഖയുടെ അടിസ്ഥാനത്തിൽ എന്തെല്ലാം ഒഴിവാക്കണമെന്ന് കോടതി ചോദിച്ചെന്നും അതിനുള്ള മറുപടിയാണ് ഉപസമിതി നൽകിയതെന്നുമാണ് സതീശന്റെ വാദം. 12 കിലോമീറ്റർ പരിധിയെ സതീശൻ എതിർത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതായി ഈ മറുപടി
എൽഡിഎഫ് സർക്കാർ ആദ്യം മുതൽ എടുത്ത നിലപാട് ജനവാസകേന്ദ്രങ്ങളിൽ ‘ സീറോ ബഫർസോൺ ’ എന്നാണ്. മുമ്പ് കേന്ദ്രസർക്കാരിനു സമർപ്പിച്ച ഭൂപടത്തിലും ഇത് വ്യക്തമാക്കി. അതേ ഭൂപടം വീണ്ടും പ്രസിദ്ധീകരിച്ചു. ഇനിയും അതിലുള്ള ഒഴിവാക്കേണ്ട മേഖല കൂട്ടിച്ചേർക്കാനും അവസരം നൽകി. ഇതോടെ മലയോര പ്രദേശത്തെ പ്രതിപക്ഷ ജനപ്രതിനിധികളും ക്രൈസ്തവ സഭാവക്താക്കളും മറ്റു സംഘടനകളും സർക്കാരിലുള്ള വിശ്വാസം ആവർത്തിച്ചതാണ് സതീശനെ വേവലാതിപ്പെടുത്തുന്നത്.