തിരുവനന്തപുരം> അന്യായവും അശാസ്ത്രീയവുമായ നിരക്ക് വര്ധനയിലൂടെ വിമാനക്കമ്പനികള് നടത്തുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. ഒരു മാനദണ്ഡവുമില്ലാതെയാണ് വിമാനക്കമ്പനികള് നിരക്ക് വര്ധിപ്പിക്കുന്നത്. അവധിക്കാലത്തും ഉത്സവസീസണിലും കേരളത്തിലേക്കുള്ള സര്വീസുകള്ക്ക് നാലും അഞ്ചും ഇരട്ടി ചാര്ജ് ഈടാക്കി യാത്രക്കാരെ പിഴിഞ്ഞ് കൊള്ളലാഭം ഉണ്ടാക്കുകയാണ്.
യാത്രാനിരക്ക് തീരുമാനിക്കുന്നതില് വിമാനക്കമ്പനികള്ക്ക് കേന്ദ്രസര്ക്കാര് പൂര്ണ അധികാരം നല്കിയിരിക്കുകയാണ്. പാര്ലമെന്റിലടക്കം ശ്രദ്ധയില്പ്പെടുത്തിയിട്ടും കേന്ദ്രം കൈമലര്ത്തുകയാണ്. ഉത്സവകാലത്ത് സ്പെഷ്യല് ട്രയിനുകള് അനുവദിക്കാതെ വിമാനക്കമ്പനികളുടെ പകല്ക്കൊള്ളയ്ക്ക് കേന്ദ്രം കൂട്ടുനില്ക്കുന്നു. വ്യോമയാന മേഖലയാകെ സ്വകാര്യവല്ക്കരിച്ചതിന്റെ കെടുതിയാണ് ജനങ്ങള് അനുഭവിക്കുന്നത്.
അവധിയും ആഘോഷവും പ്രമാണിച്ച് നാട്ടിലേക്ക് വരാന് ആഗ്രഹിച്ചു നില്ക്കുന്ന മലയാളികളടക്കമുള്ളവര് ദുരിതത്തിലാണ്. ഓണ്ലൈന് ബുക്കിങ്ങില് ആവശ്യക്കാര് ഏറെയുള്ള റൂട്ട് നോക്കി ചാര്ജ് വര്ധിപ്പിക്കുന്നുമുണ്ട്. ഈ വിഷയത്തില് കേന്ദ്രം നിസ്സംഗത വെടിഞ്ഞ് ഇടപെടണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില് ആവശ്യപ്പെട്ടു.