തിരുവനന്തപുരം> മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്. ജില്ലകൾ പ്രത്യേകം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി വരുന്നു. കേസുകൾ എവിടെയെങ്കിലും കൂടുന്നതായി കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച എല്ലാ ജില്ലകളുടേയും പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതൽ കോവിഡ് സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാൻ ജില്ലകൾക്ക് നിർദേശം നൽകി. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂർണ ജീനോമിക് സർവയലൻസാണ് (ഡബ്ല്യു.ജി.എസ്.) നടത്തുക. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളിൽ ജനിതക നിർണയത്തിനായി സാമ്പിളുകൾ അയയ്ക്കേണ്ടതാണ്. ഏതെങ്കിലും ജില്ലകളിൽ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയാൽ കൃത്യമായി റിപ്പോർട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും നിർദേശം നൽകി. ആശുപത്രികളിൽ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്ക് കോവിഡ് പരിശോധന നടത്തുന്നതാണ്. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവർക്കും കോവിഡ് പരിശോധന നടത്തും.
അവധിക്കാലമായതിനാൽ കൂടുതൽ ശ്രദ്ധിക്കണം. മാസ്ക് വയ്ക്കാതെ പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിലും ഇറങ്ങരുത്. മാസ്ക് താഴ്ത്തി സംസാരിക്കരുത്. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പ്രായമായവരോടും കുട്ടികളോടും അടുത്തിടപഴകരുത്. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതൽ വേണം. പുറത്ത് പോയി വന്നതിന് ശേഷം സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കണം.