കൊച്ചി> കൊച്ചിയെ യുനസ്കോ അംഗീകാരമുള്ള ‘സിറ്റി ഓഫ് ഡിസൈൻ നെറ്റ്വർക്ക്’ ആക്കാനുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി കോർപ്പറേഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവ ധാരണാപത്രത്തിൽ ഒപ്പുവച്ചു. പദ്ധതിക്കായി കോർപ്പറേഷൻ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും രൂപീകരിച്ച സ്റ്റിയറിങ്ങ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് നടപടി. ഡിസൈൻ സിറ്റി മാർഗരേഖയും കർമപദ്ധതിയും യോഗം അംഗീകരിച്ചു.
മേയർ എം അനിൽകുമാർ അധ്യക്ഷനായ യോഗത്തിൽ ടി ജെ വിനോദ് എംഎൽഎ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എൻ ഐ ഡി ഡയറകടർ ഡോ. പ്രവീൺ നഹാർ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, കെഎംആർഎൽ എം ഡി ലോക്നാഥ് ബഹ്റ, ഹഡ്കോ മുൻ ഡയറക്ടർ വി സുരേഷ്, ഐസിഎൽഇഐ ഡപ്യൂട്ടി ഡയറക്ടർ ഇമാനി കുമാർ, ആർക്കിടെക്റ്റുമാരായ പ്രൊഫ. കെ ടി രവീന്ദ്രൻ, എസ് ഗോപകുമാർ, ബിലൈ മേനോൻ ഡെപ്യൂട്ടിമേയർ കെ എ അൻസിയ തുടങ്ങിയവർ പങ്കെടുത്തു. കില അർബൻ ചെയർ പ്രൊഫസർ ഡോ. അജിത്ത് കാളിയത്ത് വിഷയം അവതരിപ്പിച്ചു.
കൊച്ചിയുടെ കെട്ടിട നിര്മാണം, ഗതാഗത പശ്ചാത്തല സൗകര്യങ്ങള്, സൈനേജുകള്, തെരുവുകള്, പാര്ക്കുകള്, സ്ട്രീറ്റ് ഫര്ണീച്ചറുകള്, ഹെറിറ്റേജ് കേട്ടിടങ്ങള്, പൊതു ഇടങ്ങള് എന്നിവയുടെ സംരക്ഷണത്തിനും തുടര്വികസന പ്രവര്ത്തനങ്ങള്ക്കുമായി ആധുനിക രൂപകല്പ്പന സംവിധാനങ്ങളെ ആശ്രയിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.