ന്യൂഡല്ഹി> സുപ്രീം കോടതി കോളീജിയം വഴിയുള്ള ജഡ്ജ് നിയമന രീതി മെച്ചപ്പെടുത്താന് നിര്ദ്ദേശങ്ങള് നല്കിയെന്ന് കേന്ദ്രസര്ക്കാര്. ഡോ. ജോണ് ബ്രിട്ടാസ് എംപി രാജ്യസഭയില് ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രം രേഖാമൂലം മറുപടി നല്കിയത്.
മാറിയ കാലഘട്ടത്തില് ജഡ്ജിമാരുടെ നിയമനത്തിന് ദേശീയ ജുഡീഷ്യല് നിയമന കമ്മീഷന്റെ ആവശ്യകത വീണ്ടും ഉയരുന്നുണ്ടോ എന്നതായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നാഷണല് ജുഡീഷ്യല് അപ്പോയിന്മെന്റ് കമ്മീഷന് നിയമവും ഭരണഘടന ഭേദഗതിയും റദ്ദാക്കി കൊളീജിയം സംവിധാനം തുടരാന് 2015ല് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
എന്നാല് കൊളീജിയത്തിലൂടെയുള്ള നിയമന രീതിയില് സുതാര്യതയോ വസ്തുനിഷ്ഠതയോ സാമൂഹിക വൈവിധ്യമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയും അത് മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടും വിവിധ കോണുകളില് നിന്നും നിവേദനങ്ങള് ലഭിച്ചിരുന്നു. തുടര്ന്ന് ഹൈക്കോടതി – സുപ്രീംകോടതി ജഡ്ജിമാരുടെ നിയമന രീതി മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങള് അയച്ചു കൊടുത്തിട്ടുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ് റിജ്ജു വ്യക്തമാക്കി.
എന്നാല് ഈ നിര്ദ്ദേശങ്ങള് സുപ്രീംകോടതി അംഗീകരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് മറുപടിയില് വിശദീകരിച്ചിട്ടില്ല. ദേശീയ ജുഡീഷ്യല് നിയമന കമ്മീഷന് വേണ്ട മാറ്റങ്ങളോടു കൂടി തിരികെ കൊണ്ടുവരാന് കേന്ദ്രം ഉദ്ദേശിക്കുന്നുണ്ടോ എന്ന് രണ്ടാഴ്ച മുമ്പ് ജോണ് ബ്രിട്ടാസ് ആരാഞ്ഞിരുന്നു. അതിന് ഇല്ല എന്ന ഉത്തരം മാത്രം നല്കിയ ഗവണ്മെന്റാണ് ഇപ്പോള് ഇങ്ങനെ ചുവടുമാറ്റിയത്.