തിരുവനന്തപുരം> പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായി അഞ്ച് തവണ മരണം വരെ കഠിനതടവുൂം രണ്ടര ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്.
2021ലാണ് കേസിനാസ്പദമായ സംഭവം. പനിയൂം ഛർദിയൂം കാരണം അമ്മ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് അറിയിച്ചതനുസരിച്ചാണ് പള്ളിക്കൽ സിഐ ആയിരുന്ന ശ്രീജിത്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.
ഒരുവർഷത്തിനുള്ളിൽ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കി. പ്രോസിക്യൂഷൻ എതിർത്തതിനാൽ പ്രതിക്ക് ജാമ്യം നൽകാതെ ജയിലിലടച്ചാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. സർക്കാരിൽ നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും കോടതി വിധിച്ചു.
20 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 35 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത്പ്രസാദ്, അഭിഭാഷകരായ ഹാഷ്മി, ബിന്ദു, രേവതി എന്നിവർ ഹാജരായി.