തിരുവനന്തപുരം> വ്യാജചരിത്രം പ്രചരിപ്പിക്കാൻ നൂതന സാങ്കേതിക വിദ്യകളെപ്പോലും ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോൾ നുണ ലോകം ചുറ്റിക്കഴിയും എന്നു പറയുംപോലെ യഥാർഥ ചരിത്രം വെളിപ്പെടുംമുമ്പേ വ്യാജചരിത്രം വിരൽത്തുമ്പിലെത്തുന്നു. ഇതു വലിയ അപകടമാണ്. ഏതെങ്കിലും പ്രത്യേക അജൻയുടെ ഭാഗമായല്ലാതെ, സമഗ്ര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ചരിത്ര ഗവേഷണങ്ങൾ നടക്കണം–-തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ് കെട്ടിടത്തിൽ പുരാരേഖ വകുപ്പ് സജ്ജമാക്കിയ താളിയോല മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടതു പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ട ഘട്ടമാണിത്. ചരിത്രത്തെയും പൈതൃകത്തെയും കുറിച്ചുള്ള അടിസ്ഥാന ധാരണപോലും മാറ്റിമറിക്കുന്ന പ്രതിലോമ സാമൂഹിക ഇടപെടലുകളെ ചെറുക്കാൻ വസ്തുനിഷ്ഠ ചരിത്രപഠനത്തിനു സാഹചര്യമുണ്ടാകണം. താളിയോല രേഖാ മ്യൂസിയംപോലുള്ള സംവിധാനങ്ങൾ നിർമിക്കുന്നതിലൂടെയും സംരക്ഷിക്കുന്നതിലൂടെയും ഈ വലിയ സാമൂഹിക ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്.
ആറര വർഷത്തിനിടെ 37 കോടിയുടെ വികസന പദ്ധതികളാണ് പുരാവസ്തുവകുപ്പ് നടപ്പാക്കിയത്. 64 പുതിയ തസ്തിക സൃഷ്ടിച്ചു. വൈക്കം സത്യഗ്രഹ ഗാന്ധി സ്മാരക മ്യൂസിയം എന്ന പേരിൽ ലോകോത്തര നിലവാരമുള്ള ആർക്കൈവൽ മ്യൂസിയം സജീകരിച്ചിട്ടുണ്ട്. അയിത്തം കൽപ്പിച്ച് ഗാന്ധിജിയെപ്പോലും പുറത്തിരുത്തിയ ചരിത്രം കേരളത്തിനുണ്ടെന്നത് ഓർമിപ്പിക്കുന്നതാണ് ഈ മ്യൂസിയം. അവിടെനിന്ന് ഇന്നത്തെ നിലയിലേക്കു കേരളം എത്തിയത് എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും നവോത്ഥാന,പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയുമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി.