ലണ്ടൻ
തുടർ പണിമുടക്കുകളിൽ ജോലികൾ തടസ്സപ്പെടുന്നത് തടയാൻ സൈന്യത്തെ നിയോഗിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ക്രിസ്മസ് അവധിക്കാലത്ത് ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി. ഇത്തരത്തിൽ 1200 പട്ടാളക്കാരെ വിവിധ മേഖലകളിൽ ജോലിക്ക് നിയോഗിക്കാനാണ് ആലോചിക്കുന്നത്. തൊഴിലാളികൾ വർഗസമരം അഴിച്ചുവിട്ടിരിക്കുകയാണെന്നും ‘ദ സൺ ഓൺ സൺഡേ’യിൽ സുനക് എഴുതി.
വിലക്കയറ്റം അതിരൂക്ഷമായ രാജ്യത്ത് വേതനവർധനയും മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങളും ആവശ്യപ്പെട്ട് സമസ്ത മേഖലയിലെയും തൊഴിലാളികൾ പണിമുടക്കിലാണ്. റെയിൽവേ, തപാൽ, ആരോഗ്യം, അതിർത്തി സുരക്ഷ തുടങ്ങി ഏകദേശം എല്ലാ മേഖലയിലെയും തൊഴിലാളികൾ രാജ്യചരിത്രം ഇതുവരെ കാണാത്ത സമരപരമ്പരയുമായി മുന്നോട്ട് പോകുന്നു. റെയിൽവേ, അതിർത്തി സുരക്ഷ മേഖലകളിൽ സർക്കാർ മുന്നോട്ടുവച്ച തുച്ഛമായ വേതനവർധനാ നിർദേശം തൊഴിലാളികൾ തള്ളിയിരുന്നു.
ഭീഷണികൾക്കും സമ്മർദത്തിനും വഴങ്ങാതെ തൊഴിലാളികൾ പണിമുടക്കുന്നതാണ് ഋഷി സുനകിനെ പ്രകോപിപ്പിച്ചത്. സംഘടനാ നേതാക്കൾ തൊഴിലാളികളെ സമരത്തിനായി നിർബന്ധിക്കുകയാണെന്ന് സുനക് പറഞ്ഞു. തൊഴിലാളികളെ പ്രകോപിപ്പിച്ച് പ്രശ്നം വഷളാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് തൊഴിൽ സംഘടനകളും ആരോപിച്ചു.
അതിനിടെ, ദേശീയ ആരോഗ്യ സർവീസിന്റെ ഭാഗമായ നഴ്സുമാരുടെ ദ്വിദിന സമരത്തിന്റെ രണ്ടാംദിനമാണ് ചൊവ്വാഴ്ച. പുതുവർഷത്തിലും സമരം തുടരുമെന്നും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്.