മണ്ണുത്തി> ശ്വാന പ്രദർശനം നടക്കുന്ന മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ കൂറ്റൻ മരം കടപുഴകി വീണ് നാലു പേർക്ക് പരിക്കേറ്റു. നിരവധി കാറുകൾ തകർന്നു. വെറ്റിറിനറി കോളേജിലെ സെക്യൂരിറ്റി ജീവക്കാർക്കുൾപ്പടെ പരിക്കേറ്റിട്ടുണ്ട്. കാറുകളിൽ ആളില്ലാത്തതും, ശബ്ദേംകേട്ട് ആളുകൾ ഓടിമാറിയതിനാലും വൻദുരന്തം ഒഴിവായി.
ഞായർ പകൽ 12.30 ഓടെയാണ് അപകടം. ഗ്രൗണ്ടിൽ നടക്കുന്ന ശ്വാന പ്രദർശനം കാണാൻ നിരവധി ജനങ്ങൾ എത്തിയിരുന്നു ഈ സമയത്താണ് മല്ലി മരം കടപുഴകിയത്. അപകടത്തിൽ തെക്കുംകര താഴത്തേതിൽ വേലു മകൻ രാമചന്ദ്രൻ (64), എഞ്ഞൂർ തയ്യേരി വീട്ടിൽ ശങ്കുമകൻ രവീന്ദ്രൻ (65), ആനപ്പാറ തോപ്പിൽ വീട്ടിൽ ചാമി മകൻ നല്ല വീരൻ (72), ആനപ്പാറ നല്ല വീരൻ മകൻ ഉദണ്ഡൻ (73) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മണ്ണുത്തി പൊലീസ് ആംബുലൻസുകളിലായി ആശുപത്രിയിൽ എത്തിച്ചു.
ലോഡ്ജി കാർ പൂർണമായും തകർന്നു. മറ്റു മൂന്നു കാറുകളും മരത്തിനടിയിൽപ്പെട്ടു. മരത്തണലിൽ വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നുവെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. ഡോഗ്ഷോ ടെന്റുകൾ ഈ ഭാഗത്തിലില്ലാത്തതിനാൻ നായ്ക്കൾക്കും രക്ഷയായി. ലക്ഷങ്ങൾ വിലമതിയ്ക്കുന്ന അപൂർവ നായ്ക്കൾ ഡോഗ് ഷോയിൽ പങ്കെടുത്തിരുന്നു.
തൃശൂരിൽനിന്ന് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അസി.സ്റ്റേഷൻ ഓഫീസർ പി കെ ശരത്ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തിയാണ് മരങ്ങൾ മുറിച്ചു നീക്കിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരയ വി വി ജിമോദ്, ബി ബിനിൽ, സി നവനീത് കണ്ണൻ, ടി അനൂപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പി എസ് സുധീഷ്, ഹോം ഗാർഡ് സി എം മുരളീധരൻ എന്നിവർ രക്ഷാ പ്രവർത്തനം നടത്തി.