കെറ്റിറിങ്ങ് > കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ കെറ്റിറിങ്ങിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശിനി അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കനുള്ള ചെലവ് ഇന്ത്യൻ എംബസ്സി വഹിക്കും. കേരള സർക്കാരിന്റെ കീഴിലുള്ള നോർക്കയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ എംബസ്സി ചെലവ് ഏറ്റെടുത്തത്. നാട്ടിൽ എത്തിക്കഴിഞ്ഞാൽ വിമാനത്താവളത്തിൽനിന്നും അഞ്ജുവിന്റെ തലയോലപ്പറമ്പിലെ കുടുംബ വീട്ടിലേയ്ക്ക് മൃത്ദേഹങ്ങൾ കൊണ്ടുപോകാനുള്ള ആംബുലൻസിനുള്ള ചെലവും നോർക്ക വഹിക്കും.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 30 ലക്ഷം രൂപ കണ്ടെത്താൻ കുടുംബം ബുദ്ധിമുട്ടുകയാണെന്ന മാധ്യമ വാർത്തകൾ ദൗർഭാഗ്യകരമായെന്ന് യുകെയിൽ നിന്നുള്ള ലോക കേരള സഭാ അംഗങ്ങൾ പറഞ്ഞു.
സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്. യുകെയിലെ കെറ്ററിങ്ങിൽ ജോലി ചെയ്യുന്ന കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചെലേവാലൻ സാജു(52) ആണ് കസ്റ്റഡിയിൽ ഉള്ളത്. അഞ്ജുവിനെ സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതോടെ അവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് അഞ്ജുവും മക്കളും ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാജുവിന് ഹോട്ടലിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വർഷം മുമ്പാണ് ഇവർ യുകെയിൽ എത്തിയത്.