ന്യൂഡൽഹി
വ്യക്തിസ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നെന്ന് ബോധ്യപ്പെട്ടാൽ സുപ്രീംകോടതി ഇടപെട്ട് സാധ്യമായ പരിഹാരങ്ങൾ ഉണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അല്ലെങ്കിൽപ്പിന്നെ തങ്ങൾ ഇവിടെ ഇരിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി ജാമ്യഹർജികളും പൊതുതാൽപ്പര്യഹർജികളും പരിഗണിച്ച് സമയം പാഴാക്കരുതെന്ന കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയ്ക്ക് പരോക്ഷമായി മറുപടി പറയുകയായിരുന്നു ചീഫ് ജസ്റ്റിസ്. ഒരു കേസും ചെറിയ കേസല്ലെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി മോഷ്ടിച്ചതിന് 18 വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. തിങ്കളാഴ്ച മുതൽ ജനുവരി രണ്ടുവരെയുള്ള ശൈത്യകാല അവധിയിൽ സുപ്രീംകോടതിയിൽ അവധിക്കാല ബെഞ്ചുകൾ ഉണ്ടാകില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു. മെയ് –-ജൂൺ വേനൽ അവധിസമയത്ത് അവധിക്കാല ബെഞ്ചുകൾ ഉണ്ടാകാറുണ്ട്. ശൈത്യകാലാവധിയിൽ ഈ കീഴ്വഴക്കമില്ല.
നേരത്തെ, കോടതികൾ ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതിനെ റിജിജു വിമർശിച്ചിരുന്നു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ള ഭിന്നത ശക്തമായി തുടരുന്നതിനിടെയാണ് സുപ്രീംകോടതിയെ കടന്നാക്രമിക്കുന്ന തരത്തിലുള്ള നിയമമന്ത്രിയുടെ പ്രസ്താവനകൾ.