ന്യൂഡൽഹി
ഒന്നരവർഷത്തിനുശേഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തി നിർണായക തീരുമാനങ്ങളുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാകും. പ്രധാനമന്ത്രി സ്ഥാനാർഥിയല്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ ഐക്യം കൂടുതൽ ദൃഢമാക്കാനാണ് നിതീഷിന്റെ നീക്കം. പ്രധാനമന്ത്രി സ്ഥാനാർഥിയെ കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാണെന്ന ഇടതുനിലപാടും അദ്ദേഹം ശരിവയ്ക്കുന്നു.
ആഗസ്തിൽ നടത്തിയ മൂന്നുദിവസത്തെ ഡൽഹി സന്ദർശനത്തിൽ സിപിഐ എം, കോൺഗ്രസ്, സിപിഐ തുടങ്ങിയ പാർടികളുമായി ആശയവിനിമയം നടത്തി ഐക്യ ചർച്ചകൾക്ക് അദ്ദേഹം തുടക്കമിട്ടു. ഹരിയാനയിൽ ഐഎൻഎൽഡി റാലിയിലും പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ബിഹാറിലെത്തി നിതീഷിനെ കണ്ടു. ഉത്തർപ്രദേശിൽ സമാജ്വാദി പാർടിക്കൊപ്പം ചേർന്ന് ബിജെപി പാളയത്തിൽ കനത്തനാശം വിതയ്ക്കാനൊരുങ്ങുകയാണ് നിതീഷ്.
ബിഹാറിൽ 2025ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവിന് കീഴിലാകും മഹാസഖ്യം അണിനിരക്കുകയെന്ന് നിതീഷ് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ബിജെപിക്ക് കൂച്ചുവിലങ്ങിട്ടാകും തന്റെ ജൈത്രയാത്രയെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. 40 ലോക്സഭാ മണ്ഡലമുള്ള സ്വന്തം സംസ്ഥാനത്ത് ദളിതുകൾക്കും മഹാദളിതുകൾക്കുമിടയിലും ജെഡിയുവിന് സ്വാധീനമുണ്ട്. ഒബിസി, യാദവ, മുസ്ലിം വിഭാഗങ്ങളിൽ ഭൂരിഭാഗവും ആർജെഡിക്കൊപ്പമാണ്. ഈ വോട്ടുകൾ ഏകീകരിക്കപ്പെട്ടാൽ ബിജെപി ചിത്രത്തിൽനിന്നുതന്നെ അപ്രത്യക്ഷമാകും. ഏഴുശതമാനത്തിൽ താഴെ മാത്രമാണ് മുന്നാക്ക ഹിന്ദുവോട്ടുകൾ.
കേന്ദ്രത്തിൽ പ്രതിപക്ഷം ഭൂരിപക്ഷത്തിന് അടുത്തെത്തിയാലോ ബിഹാറിൽനിന്ന് 25–-30 സീറ്റുവരെ മഹാസഖ്യം നേടിയാലോ ദേശീയതലത്തിൽ പ്രധാന പങ്കുവഹിക്കാൻ തനിക്കാകുമെന്നും നിതീഷ് കണക്കുകൂട്ടുന്നുണ്ട്. എന്നാൽ, ആർജെഡി–-ജെഡിയു ലയനമെന്ന റിപ്പോർട്ടുകളെ നിതീഷ് തള്ളി. 2015ൽ താൻ ആഗ്രഹിച്ചതാണ് ലയനമെങ്കിലും നിലവിൽ പ്രസക്തിയില്ലെന്നാണ് നിലപാട്.