തിരുവനന്തപുരം
കെപിസിസി, ഡിസിസി പുനഃസംഘടനയിൽ തീരുമാനമെടുക്കാൻ നേതൃയോഗം ശനിയാഴ്ച ചേരും. കെപിസിസി പ്രസിഡന്റ് ന്യൂഡൽഹിയിൽ ആയതിനാൽ ഓൺലൈനിലായിരിക്കും യോഗം. ഡിസിസി പ്രസിഡന്റുമാരടക്കം ഒരു വിഭാഗം നേതാക്കളെ ഒതുക്കുമെന്ന സൂചന നേതൃത്വത്തിൽനിന്ന് ഉണ്ടായതോടെ ശക്തമായ പ്രതികരണങ്ങൾ ഉയർന്നുകഴിഞ്ഞു.
താഴെത്തട്ടിൽ പുനഃസംഘടന ഉണ്ടാകണമെന്നും പുതുതായി വരുന്നവർ മാറ്റുന്നവരേക്കാൾ കഴിവുള്ളവരാകണമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ശശി തരൂർ അടക്കം എംപിമാരുടെ അഭിപ്രായത്തിന് വിലകൽപ്പിക്കണം. കഴിവിന്റെ അടിസ്ഥാനത്തിലല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുന്ന സ്ഥിതിയുണ്ടാകും. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയകാര്യ സമിതിയോഗം ചുമതലപ്പെടുത്തിയ പ്രകാരമുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിൽ രൂപപ്പെട്ട പുതിയ ചേരിയെക്കുറിച്ചുള്ള സൂചനകൂടിയാണ് ഇതിലൂടെ പുറത്തുവന്നത്. തരൂരിനെ വാർത്തയിലും പാർടികാര്യങ്ങളിലും സജീവമായി നിലനിർത്തുകയാണ് ലക്ഷ്യം. തരൂരുമായി ബന്ധപ്പെട്ടുവരുന്ന എല്ലാ വാർത്തകളും ചെന്നുതറയ്ക്കുന്നത് വി ഡി സതീശനിലാണ്. മുസ്ലിംലീഗ് ഉൾപ്പെടെ യുഡിഎഫിന്റെ ഘടകകക്ഷികളും ചില സമുദായ നേതാക്കളും തരൂരിനെയാണ് പിന്തുണയ്ക്കുന്നതെന്നു സ്ഥാപിക്കാൻ പുതിയ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.
കെ സുധാകരനെത്തന്നെ കെപിസിസി പ്രസിഡന്റാക്കിയുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അതോടെ പുതിയ ഭാരവാഹികളുടെ തീരുമാനങ്ങളിലേക്ക് കടക്കുമെന്നും നേതാക്കൾ പറയുന്നു. സുധാകരന് താൽപ്പര്യമില്ലാത്ത പല കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെയും തെറിപ്പിക്കാനുള്ള നീക്കം കടുത്ത ഏറ്റുമുട്ടലിലേക്കായിരിക്കും വഴിവയ്ക്കുക.