ദോഹ
ഖത്തറിൽ അത്ഭുതമായ രണ്ട് ടീമുകൾ ഇന്ന് മുഖാമുഖം. മൂന്നാംസ്ഥാനത്തിനായുള്ള ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും. ഖലീഫ സ്റ്റേഡിയത്തിൽ രാത്രി എട്ടരയ്ക്കാണ് കളി. ഇരുടീമുകളും ഗ്രൂപ്പുഘട്ടത്തിൽ കളിച്ചപ്പോൾ ഗോളടിക്കാതെ സമനിലയായിരുന്നു. ഗ്രൂപ്പ് എഫിൽ ഒന്നാംസ്ഥാനക്കാരായാണ് മൊറോക്കോ പ്രീക്വാർട്ടറിലെത്തിയത്. ബൽജിയവും ക്യാനഡയുമുള്ള ഗ്രൂപ്പിൽ ക്രൊയേഷ്യക്ക് രണ്ടാംസ്ഥാനമായിരുന്നു.
നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യ അരങ്ങേറ്റ വർഷം (1998) മൂന്നാംസ്ഥാനം നേടി. തുടർന്ന് 2006ലും 2014ലും ഗ്രൂപ്പുഘട്ടത്തിൽ പുറത്തായി. ഇക്കുറി തുടക്കം തപ്പിത്തടഞ്ഞായിരുന്നു. മൊറോക്കോയും ബൽജിയവും ഗോളടിക്കാതെ പിടിച്ചു. ക്യാനഡയെ 4–-1ന് തോൽപ്പിച്ചത് രക്ഷയായി. പ്രീക്വാർട്ടറിൽ ജപ്പാനെ ഷൂട്ടൗട്ടിൽ കീഴടക്കി. ബ്രസീലിനെതിരായ ക്വാർട്ടർ വിജയമാണ് വീണ്ടും ക്രൊയേഷ്യയെ ശ്രദ്ധാകേന്ദ്രമാക്കിയത്. നിശ്ചിതസമയത്ത് ഓരോ ഗോളടിച്ചു. ഷൂട്ടൗട്ടിൽ ബ്രസീലിനെ 4–-2ന് വീഴ്ത്തി. മൂന്നാംതവണയാണ് സെമിയിലേക്ക് മുന്നേറിയത്. എന്നാൽ, അർജന്റീനയോട് മൂന്ന് ഗോളിന് തോറ്റു. ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ചിന് അവസാന ലോകകപ്പാണ്. ക്രൊയേഷ്യൻ ടീമും തലമുറമാറ്റത്തിന് തയ്യാറെടുക്കുന്നു. മോഡ്രിച്ചിനൊപ്പം ഇവാൻ പെരിസിച്ചും പെറ്റ്കോവിച്ചും ലോവ്റനും ഈ ലോകകപ്പോടെ കളം ഒഴിഞ്ഞേക്കും. പ്രതിരോധ ചുമതലയിലേക്ക് ഇപ്പോൾത്തന്നെ പുതിയ തലമുറ വന്നുകഴിഞ്ഞു. കളം നിറഞ്ഞുകളിക്കുന്ന മോഡ്രിച്ചിന്റെ വിടവ് നികത്തുക എളുപ്പമാകില്ല.
മൊറോക്കോയുടെ മുന്നേറ്റം അവിശ്വസനീയമായിരുന്നു. സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ ടീമായി. ബൽജിയവും ക്രൊയേഷ്യയും ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായി ആദ്യം ഞെട്ടിച്ചു. ക്രൊയേഷ്യയെ തളച്ച ടീം ബൽജിയത്തെ രണ്ട് ഗോളിന് തോൽപ്പിച്ചു. ക്യാനഡയെ 2–-1ന് പരാജയപ്പെടുത്തി. പ്രീക്വാർട്ടറിൽ സ്പെയ്നിനെ വീഴ്ത്തിയതോടെ മൊറോക്കോ അത്ഭുതമായി. ഷൂട്ടൗട്ടിൽ മൂന്ന് ഗോളിനായിരുന്നു ജയം. ക്വാർട്ടറിൽ പോർച്ചുഗലിനെ ഒരു ഗോളിന് തോൽപ്പിച്ചു. എന്നാൽ, സെമിയിൽ ഫ്രാൻസിന്റെ കിടയറ്റ പ്രൊഫഷണൽ കളിയോട് പിടിച്ചുനിൽക്കാനായില്ല. എങ്കിലും മൊറോക്കോ തല ഉയർത്തിയാണ് മടങ്ങുന്നത്. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളാണ് ടീമിന്റെ ശക്തി. ഈ ടീം വരുംലോകകപ്പുകളിലും കൊടുങ്കാറ്റാകുമെന്ന് കരുതണം.