കോടിയേരി ബാലകൃഷ്ണൻ
നഗർ (തൃശൂർ)
എൽഡിഎഫ് ഭരിക്കുന്നു എന്നതുകൊണ്ടു മാത്രം സംസ്ഥാനത്തിന്റെ വികസനം കേന്ദ്രസർക്കാരും ബിജെപിയും തടസ്സപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഖിലേന്ത്യാ കിസാൻ സഭ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലക്ഷ്യംവച്ച് സാമ്പത്തികമായി ഞെരുക്കുകയാണ്. പുതു തലമുറയുടെ ഭാവിയാണ് തകർക്കുന്നത്. കോൺഗ്രസ് ഇതിനെ എതിർക്കുന്നില്ല. പാർലമെന്റിൽ നിർണായക ബില്ല് അവതരിപ്പിക്കുമ്പോൾ കോൺഗ്രസ് എംപിമാരെ ആരെയും കാണുന്നില്ല. ബിൽ ചർച്ചയ്ക്ക് വരുമെന്ന് മുൻകൂട്ടി അറിയാവുന്നതാണ്, എന്നാലും പങ്കെടുക്കില്ല–-പിണറായി പറഞ്ഞു.
സംഘപരിവാർ അജൻഡയ്ക്ക് അനുസരിച്ച് വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. വർഗീയ വിഷം കുത്തിക്കയറ്റി പുതുതലമുറയുടെ ചിന്ത തിരിക്കാനാണ് നീക്കം. കേരളത്തിൽ പല വേഷത്തിലും രൂപത്തിലും ഭാവത്തിൽ ഇത് അരങ്ങേറി. മതനിരപേക്ഷ ചിന്താഗതിക്കാർ അതിനെ എതിർത്തുനിന്നു. വർഗീയതക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടത്. എതിർക്കേണ്ടതിനെ എതിർക്കണം. നിർഭാഗ്യവശാൽ കോൺഗ്രസ് രാജ്യതാൽപ്പര്യം മുൻനിർത്തി സമീപനമെടുക്കുന്നില്ല.
ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തെന്ന് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻതന്നെ പറയുന്നു. ബിജെപിയിലേക്ക് പോകുമെന്നും പ്രഖ്യാപിക്കുന്നു. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് കൂട്ടത്തോടെ പോകുന്ന ഘട്ടത്തിലാണിത്. രാജ്യത്ത് ബിജെപി സർക്കാർ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ ശ്രമിച്ചു. വിവാഹബന്ധം വേർപെടുത്തൽ സിവിൽ കേസാണ്. എന്നാൽ മുസ്ലീം വിഭാഗങ്ങൾക്ക് അത് ക്രിമിനൽ കേസാണ്. ഫാ. സ്റ്റാൻ സ്വാമികേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന സംഭവം ഞെട്ടിക്കുന്നതാണ്. അറസ്റ്റിന്റെ തലേദിവസം അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ ഹാക്കർമാർ കയറി ചില വിവരം ഉൾപ്പെടുത്തിയെന്നാണ് ഫോറൻസിക് വിഭാഗം കണ്ടെത്തിയത്. അറസ്റ്റ് വിവരം കൃത്യമായി ഹാക്കർ അറിഞ്ഞത് എങ്ങനെയാണെന്ന ചോദ്യം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ അധ്യക്ഷനായി.