കെ വരദരാജൻ നഗർ (തൃശൂർ)
രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തണമെന്നും കിസാൻസഭാ അഖിലേന്ത്യാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ വർഷത്തെ ആഗോള പട്ടിണി സൂചിക അനുസരിച്ച് 121 രാജ്യങ്ങളിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. 2020ൽ യുഎൻ ഭക്ഷ്യകാർഷിക സംഘടന പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 22 കോടി ജനങ്ങൾ കടുത്ത പട്ടിണി അനുഭവിക്കുന്നവരാണ്. ഭക്ഷ്യസുരക്ഷയില്ലാത്ത 62 കോടി ജനങ്ങളുമുണ്ട്. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് കീഴിലെ ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് ശ്രമം. കെ തുളസി അവതരിപ്പിച്ച പ്രമേയം നവീൻ കുമാർ പിന്തുണച്ചു.
വളത്തിന്റെ ലഭ്യതക്കുറവും വിലവർധനയും പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമേഖലയിലെ വളം നിർമാണത്തെ ശക്തിപ്പെടുത്തി മിതമായ വിലയ്ക്ക് വളം ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്നും ജോർജ് മാത്യു അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. ദില്ലി ബാബു പിന്തുണച്ചു. വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ബിൽ പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വൈദ്യുതി മേഖലയെ പൊതുമേഖലയിൽ നിലനിർത്തുന്നതിനായി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് കിസാൻസഭ പിന്തുണ വാഗ്ദാനം ചെയ്തു. കേശവറാവു അവതരിപ്പിച്ച പ്രമേയത്തെ അഖിലേഷ് യാദവ് പിന്തുണച്ചു. ജമ്മു–-കശ്മീരിലെയും ഹിമാചൽ പ്രദേശിലെയും ആപ്പിൾ കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്ന് കുൽദീപ് തൻവർ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. സഹൂർ പിന്തുണച്ചു.
വിള ഇൻഷുറൻസ്
പൊതുമേഖലയിലാക്കണം
പ്രധാനമന്ത്രി ഫസൽ ഭീമയോജന പദ്ധതിപ്രകാരമുള്ള വിള ഇൻഷുറൻസ് സ്വകാര്യ കമ്പനികളിൽനിന്ന് മാറ്റി പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ ഏൽപ്പിക്കണമെന്ന് കിസാൻസഭാ അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. കൃഷിനാശമുണ്ടായി ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ സ്വകാര്യ കമ്പനികൾ തടസ്സവാദങ്ങളുന്നയിക്കുകയാണ്. ഇത് കർഷകന് അർഹമായ നഷ്ടപരിഹാരം നിഷേധിക്കുന്നു. 2019–-20 വർഷത്തിൽ 32,340 കോടി രൂപയാണ് കർഷകർ ഇൻഷുറൻസ് പ്രീമിയം അടച്ചത്. എന്നാൽ, 26,413 കോടി രൂപയുടെ ഇൻഷുറൻസ് തുക മാത്രമാണ് കമ്പനികൾ വിതരണം ചെയ്തത്. കർഷകരുടെ ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണം. പലപ്പോഴും ക്ലെയിം ചെയ്ത് ഏറെക്കാലത്തിനുശേഷമാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. ഇതിന് പരിഹാരമുണ്ടാകണം. ചില സംസ്ഥാനങ്ങളിൽ വിള ഇൻഷുറൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹാരിക്കാനായി കിസാൻസഭ പ്രക്ഷോഭം നടത്തിയിരുന്നു. രാജസ്ഥാനിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രക്ഷോഭത്തെത്തുടർന്ന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായിട്ടുണ്ടെന്നും പ്രമേയത്തിൽ പറഞ്ഞു. ടി സാഗറാണ് പ്രമേയം അവതരിപ്പിച്ചത്. ഛഗൻ ചൗധരി പിന്തുണച്ചു.
പൊതുമേഖലാ കമ്പനികളെ സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാനുള്ള നാഷണൽ മോണിറ്റൈസേഷൻ പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനു പകരം വിറ്റുതുലയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. കോർപറേറ്റുകൾക്കും ധനികർക്കുംവേണ്ടി മാത്രമാണ് മോദി സർക്കാർ നിലകൊള്ളുന്നതെന്നും ഓമല്ലൂർ ശങ്കരൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. ഇന്ദർജിത് സിങ് പ്രമേയത്തെ പിന്തുണച്ചു.