കഥ ഇവിടെ അവസാനിക്കുകയാണ്. നാളെയാണ് അവസാന രാത്രി. വിസ്മയം വിതറിയ അറേബ്യൻ രാവുകൾ വിടപറയുമ്പോൾ ഓർമകൾ ബാക്കി. ഓരോ കളിയും അറബിക്കഥപോലെ അത്ഭുതവും ആകാംക്ഷയും നിറച്ചതായിരുന്നു. ത്രസിപ്പിക്കുന്ന വിസ്മയകഥകൾ ഇനി വാമൊഴിയായും അക്ഷരങ്ങളായും ചിത്രങ്ങളായും ലോകം ചുറ്റും. ഒടുവിലത്തെ കഥ പറയാൻ ബാക്കിയാകുന്നത് ലയണൽ മെസിയും കിലിയൻ എംബാപ്പെയും അവരുടെ കൂട്ടുകാരും. ആരുടെ ബൂട്ടിലായിരിക്കും അത്ഭുതവിളക്ക് തെളിയുക?
ലോകകപ്പിന്റെ കലാശപ്പോരിൽ അർജന്റീനയും ഫ്രാൻസും മുഖാമുഖം നിൽക്കുമ്പോൾ പ്രവചനം അസാധ്യം. ഹൃദയംകൊണ്ട് പന്തുതട്ടുന്നവരാണ് അർജന്റീനക്കാർ. ഫ്രാൻസാകട്ടെ പ്രഫഷണൽ കളിയുടെ ആശാന്മാർ. വൈകാരികതയും പ്രായോഗികതയും തമ്മിലുള്ള ജീവന്മരണപ്പോരിൽ, ഈ രാത്രി ആർക്കുവേണ്ടിയാകും വിജയത്തിന്റെ സ്വർണത്തേര് ഒരുങ്ങുക? അതിനുത്തരം ലുസെയ്ൽ സ്റ്റേഡിയം നൽകും.
ഈ കപ്പ് മെസിക്ക് വേണം. അതൊരു അതിമോഹമല്ല. മുപ്പത്തഞ്ചാംവയസ്സിൽ കൂടാരത്തിലേക്ക് മടങ്ങുമ്പോൾ മെസി അത് അർഹിക്കുന്നുണ്ട്. ഖത്തറിലേത് ‘മെസി ലോകകപ്പ്’ ആയി ചരിത്രം രേഖപ്പെടുത്തും. ആദ്യകളിയിൽ സൗദി അറേബ്യയോട് തോറ്റ ടീമല്ല ഇപ്പോൾ. ലയണൽ സ്കലോണി പരിശീലിപ്പിക്കുന്ന ടീം അടിമുടി മാറി. കളിയിലും സമീപനത്തിലും മാറ്റം. വിജയിക്കുന്ന സംഘമാണിന്ന്. ഗോൾകീപ്പർ എമിലിയാനോമുതൽ മുന്നേറ്റക്കാരൻ ജൂലിയൻ അൽവാരസുവരെ ഫോമിലാണ്. പ്രതിരോധത്തിൽ നിക്കോളാസ് ഒട്ടമൻഡിയും ക്രിസ്റ്റ്യൻ റൊമേറോയും കോട്ട കാക്കുന്നു. കളി മെനയാൻ റോഡ്രിഗോ ഡിപോളും മക് അലിസ്റ്ററുമുണ്ട്. എയ്ഞ്ചൽ ഡി മരിയയും എൺസോ ഫെർണാണ്ടസും മെസിക്ക് കൂട്ടാകും. എല്ലാറ്റിനുമപ്പുറം മെസിയുടെ ഇന്ദ്രജാലത്തിലാണ് സ്വർണക്കപ്പിരിക്കുന്നത്.
ഫ്രാൻസ് തേടുന്നത് തുടർച്ചയാണ്. ഇറ്റലിക്കും ബ്രസീലിനും മാത്രം സാധിച്ച നേട്ടം. കിരീടത്തുടർച്ചയ്ക്ക് ഫ്രാൻസ് അർഹരാണ്. അതിനുപറ്റിയ കളിസംഘമുണ്ട്. ദിദിയർ ദെഷാം പോറ്റിവളർത്തിയ അസ്സൽ പ്രഫഷണൽ സംഘം. പിഴവുവരുത്താത്ത കളിയാണ് പ്രധാനം. മധ്യനിരയിൽ ഗ്രീസ്മാനാണ് താരം. കിലിയൻ എംബാപ്പെ അവസാന രണ്ട് കളിയിൽ കെട്ടിയിടപ്പെട്ടു. എങ്കിലും എംബാപ്പെയുടെ കാലിൽ പന്ത് കിട്ടിയാൽ എന്തും സംഭവിക്കാം. അതാണ് അർജന്റീന പ്രതിരോധത്തിന്റെ ഉറക്കംകെടുത്തുന്നത്. കഴിഞ്ഞതവണ കിരീടം നേടിയ ടീമിലെ ഒമ്പതുപേർ വീണ്ടും അണിനിരക്കുന്നു. ഒളിവർ ജിറൂവും ഡെംബലെയും എവിടെയും നുഴഞ്ഞുകയറും.
ഇരുടീമുകളും 12 തവണ ഏറ്റുമുട്ടിയപ്പോൾ ആറ് ജയം അർജന്റീനക്കായിരുന്നു. ഫ്രാൻസ് മൂന്നെണ്ണം ജയിച്ചു. മൂന്നെണ്ണം സമനിലയായി. ലോകകപ്പിൽ മൂന്നുതവണ മുഖാമുഖം കണ്ടു. 2018ൽ ഫ്രാൻസ് 4–-3ന് ജയിച്ചു. 1978ലും 1930ലും അർജന്റീനയ്ക്കായിരുന്നു വിജയം.
സെമി ഫൈനൽ
അർജന്റീന 3 (മെസി 1, അൽവാരെസ് 2)
ക്രൊയേഷ്യ 0
ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് അർജന്റീനയുടെ ഫൈനൽ പ്രവേശം. ഒരു ഗോളടിക്കുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത നായകൻ ലയണൽ മെസിയുടെ ചിറകിലേറിയാണ് അർജന്റീന കുതിച്ചത്. പെനൽറ്റിയിലൂടെയായിരുന്നു മെസിയുടെ ഗോൾ. ജൂലിയൻ അൽവാരെസ് ഇരട്ടഗോൾ നേടി.
ക്വാർട്ടർ ഫൈനൽ
അർജന്റീന 2 (4) (മെസി, മൊളീന )
നെതർലൻഡ്സ് 2 (3) (വെഗാസ്റ്റ് 2)
പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട വാശിയേറിയ പോരിലാണ് നെതർലൻഡ്സിനെ അർജന്റീന മറികടന്നത്. നിശ്ചിതസമയത്ത് ഇരുടീമും 2–-2ന് സമനില പാലിച്ചു. നഹുവേൽ മൊളീന, ലയണൽ മെസി എന്നിവരിലൂടെ 2–-0ന് ലീഡ് നേടിയ അർജന്റീനയെ വൂട്ട് വെഗോസ്റ്റിന്റെ ഇരട്ടഗോളിൽ ഡച്ചുകാർ സമനിലയിൽ പിടിച്ചു. ഷൂട്ടൗട്ടിൽ രണ്ട് രക്ഷപ്പെടുത്തലുകൾ നടത്തിയ അർജന്റീനൻ ഗോളി എമിലിയാനോ മാർടിനെസാണ് വിജയശിൽപ്പി.
പ്രീക്വാർട്ടർ
അർജന്റീന 2 (മെസി, അൽവാരെസ്)
ഓസ്ട്രേലിയ 1 (എൺസോ ഫെർണാണ്ടസ്, പിഴവുഗോൾ)
കരിയറിലെ ആയിരാമത്തെ മത്സരത്തിൽ ഗോൾ നേടി നായകൻ ലയണൽ മെസി മിന്നിയ കളിയിൽ 2–-1ന് അർജന്റീന ഓസ്ട്രേലിയയെ കീഴടക്കി. ജൂലിയൻ അൽവാരസാണ് രണ്ടാമത്തെ ഗോൾ നേടിയത്. രണ്ടാംപകുതിയിൽ അർജന്റീനയുടെ എൺസോ ഫെർണാണ്ടസിന്റെ പിഴവുഗോളിലാണ് ഓസ്ട്രേലിയ തോൽവിഭാരം കുറച്ചത്. കളിവയസാനം സമനിലയ്ക്കായി ഓസ്ട്രേലിയ കനത്ത ആക്രമണം നടത്തിയെങ്കിലും ഗോളി എമിലിയാനോ മാർട്ടിനെസ് ഓസീസിനെ തടഞ്ഞു.
ഗ്രൂപ്പ് മത്സരം
അർജന്റീന 2 (മക് അല്ലിസ്റ്റർ, അൽവാരെസ്)
പോളണ്ട് 0
ലയണൽ മെസി പെനൽറ്റി നഷ്ടപ്പെടുത്തിയിട്ടും അർജന്റീന പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി. രണ്ടാംപകുതിയിൽ അലക്സിസ് മക് അല്ലിസ്റ്ററും ജൂലിയൻ അൽവാരെസുമാണ് ഗോളുകൾ നേടിയത്. പോളണ്ട് ഗോൾ കീപ്പർ വോജിയെക് സ്റ്റെസ്നിയുടെ മികച്ച പ്രകടനമാണ് അർജന്റീനയെ കൂടുതൽ ഗോളുകൾ നേടുന്നതിൽനിന്ന് തടഞ്ഞത്.
ഗ്രൂപ്പ് മത്സരം
അർജന്റീന 2 (മെസി, എൺസോ) മെക്സിക്കോ 0
നിർണായക മത്സരത്തിൽ നായകൻ ലയണൽ മെസിയുടെ ഗോളിലാണ് അർജന്റീന മുന്നിലെത്തിയത്. 64–-ാം മിനിറ്റിലായിരുന്നു ഗോൾ. പകരക്കാരനായെത്തിയ യുവതാരം എൺസോ ഫെർണാണ്ടസും ലക്ഷ്യം കണ്ടു. എൺസോ ഫെർണാണ്ടസിന്റെ ഗോളിന് വഴിയൊരുക്കിയതും മെസിയായിരുന്നു. മെസിയുടെ ഗോളിന് എയ്ഞ്ചൽ ഡി മരിയയാണ് വഴിയൊരുക്കിയത്.
ഗ്രൂപ്പ് മത്സരം
അർജന്റീന 1 (മെസി)
സൗദി അറേബ്യ 2 (അൽ ഷെഹ്രി, അൽദോസരി)
ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് 2–-1ന്റെ അപ്രതീക്ഷിത തോൽവിയോടെയായിരുന്നു അർജന്റീനയുടെ തുടക്കം. ആദ്യപകുതിയിൽ ലയണൽ മെസിയുടെ പെനൽറ്റി ഗോളിലൂടെ അർജന്റീന മുന്നിലെത്തി. രണ്ടാംപകുതിയിൽ അഞ്ച് മിനിറ്റിനുള്ളിൽ രണ്ടുതവണ ലക്ഷ്യം കണ്ട് സൗദി അർജന്റീനയെ അട്ടിമറിക്കുകയായിരുന്നു. സലേഹ് അൽ ഷെഹ്രിയും സലേം അൽ ദോസരിയുമാണ് സൗദി അറേബ്യയുടെ ഗോളുകൾ നേടിയത്.
സെമി ഫൈനൽ
ഫ്രാൻസ് 2 (തിയോ ഹെർണാണ്ടസ്, മുവാനി)
മൊറോക്കോ 0
സെമിയിൽ പ്രതിരോധതാരം തിയോ ഹെർണാണ്ടസിന്റെയും പകരക്കാരനായെത്തിയ കോളോ മുവാനിയുടെയും ഗോളുകളിലായിരുന്നു ഫ്രഞ്ച് വിജയം. കളിയുടെ അഞ്ചാംമിനിറ്റിൽ ലീഡെടുത്ത ഫ്രാൻസ് പിന്നീട് 79–-ാംമിനിറ്റിലും ലക്ഷ്യം കണ്ടു. കളം നിറഞ്ഞുകളിച്ച ഒൺടോയ്ൻ ഗ്രീസ്മാനാണ് ഫ്രാൻസിന്റെ വിജയശിൽപ്പി. മികച്ച മുന്നേറ്റങ്ങളുമായി മൊറോക്കോ പൊരുതിക്കളിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം ഉറച്ചുനിന്നു.
ക്വാർട്ടർ ഫൈനൽ
ഫ്രാൻസ് 2 (ചൗമെനി, ജിറൂ) ഇംഗ്ലണ്ട് 1 (കെയ്ൻ)
പൊരുതിക്കളിച്ച ഇംഗ്ലണ്ടിനെ 2–-1ന് മറികടന്നായിരുന്നു ഫ്രാൻസിന്റെ മുന്നേറ്റം. 17–-ാംമിനിറ്റിൽ ഒർലിയെൻ ചൗമെനിയിലൂടെ ഫ്രാൻസ് മുന്നിലെത്തി. രണ്ടാംപകുതിയിൽ ഹാരി കെയ്ന്റെ പെനൽറ്റിയിലൂടെ ഇംഗ്ലണ്ട് ഒപ്പമെത്തി. 78–-ാംമിനിറ്റിൽ ഒളിവർ ജിറൂവിലൂടെയാണ് ഫ്രാൻസ് വിജയഗോൾ കുറിച്ചത്. കളിയവസാനം ലഭിച്ച പെനൽറ്റി ഹാരി കെയ്ൻ ഗോൾ പോസ്റ്റിനുമുകളിലൂടെ പറത്തിയതാണ് മത്സരത്തിൽ നിർണായകമായത്.
പ്രീക്വാർട്ടർ
ഫ്രാൻസ് 3 (എംബാപ്പെ 2, ജിറൂ 1) പോളണ്ട് 1
(ലെവൻഡോവ്സ്കി)
കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ ബലത്തിലാണ് ഫ്രാൻസ് കുതിച്ചത്. ഒളിവർ ജിറൂ നേടിയ ആദ്യ ഗോളിന് അവസരമൊരുക്കിയതും എംബാപ്പെയാണ്. ഗ്രീസ്മാനെയും ജിറൂവിനെയും എംബാപ്പെയെയും തളയ്ക്കാൻ പോളണ്ട് പ്രതിരോധനിരയ്ക്ക് കഴിഞ്ഞില്ല. കളിയവസാനം ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് റോബർട്ട് ലെവൻഡോവ്സ്കിയാണ് പോളണ്ടിന് നേരിയ ആശ്വാസം നൽകിയത്.
ഗ്രൂപ്പ് മത്സരം
ഫ്രാൻസ് 0 ടുണീഷ്യ 1 (വഹ്ബി ഖസ്റി)
മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ച് കളത്തിലിറങ്ങിയ ഫ്രാൻസിനെ ടുണീഷ്യ ഒരു ഗോളിന് അട്ടിമറിച്ചു. 58–-ാംമനിനിറ്റിൽ വഹ്ബി ഖസ്റി നേടിയ ഗോളിലാണ് ചാമ്പ്യൻമാർക്ക് അടിതെറ്റിയത്. രണ്ടാംപകുതിയിൽ എംബാപ്പെയും ഗ്രീസ്മാനുമെല്ലാം കളത്തിലെത്തിയിട്ടും ഫ്രാൻസിന് ഗോൾ നേടാനായില്ല. കളിയവസാനം ഗ്രീസ്മാൻ ടുണീഷ്യൻ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽപ്പെട്ടു.
ഗ്രൂപ്പ് മത്സരം
ഫ്രാൻസ് 2 (എംബാപ്പെ 2) ഡെൻമാർക്ക് 1 (ക്രിസ്റ്റൻസൺ)
കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ ഡെൻമാർക്കിനെ മറികടന്നാണ് ഫ്രാൻസ് നോക്കൗട്ട് ടിക്കറ്റ് ഉറപ്പിച്ചത്. രണ്ടാംപകുതിയിലായിരുന്നു രണ്ട് ഗോളും. എംബാപ്പെയുടെ വേഗത്തിനുമുന്നിലാണ് ഡെൻമാർക്ക് കീഴടങ്ങിയത്. തിയോ ഹെർണാണ്ടസ് ആദ്യ ഗോളിനും കിങ്സ്ലി കൊമാൻ രണ്ടാംഗോളിനും വഴിയൊരുക്കി. പ്രതിരോധതാരം ആൻഡ്രിയാസ് ക്രിസ്റ്റെൻസനാണ് ഡെൻമാർക്കിന്റെ ആശ്വാസഗോൾ നേടിയത്.
ഗ്രൂപ്പ് മത്സരം
ഫ്രാൻസ് 4 (ജിറൂ 2, റാബിയറ്റ്, എംബാപ്പെ)
ഓസ്ട്രേലിയ 1 (ഗുഡ്വിൻ)
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ 4–-1ന് തകർത്തായിരുന്നു ഫ്രാൻസിന്റെ തുടക്കം. ക്രെയ്ഗ് ഗുഡ്വിന്നിലൂടെ ഒമ്പതാംമിനിറ്റിൽ ഓസ്ട്രേലിയയായിരുന്നു മുന്നിലെത്തിയത്. അഡ്രിയാൻ റാബിയറ്റിലൂടെ ഒപ്പമെത്തിയ ഫ്രാൻസിനായി പിന്നീട് ഒളിവർ ജിറൂ ഇരട്ടഗോൾ നേടി. എംബാപ്പെ പട്ടിക തികച്ചു. രണ്ട് ഗോളിന് അവസരമൊരുക്കിയതും എംബാപ്പെയാണ്.