കെ വരദരാജൻ നഗർ (തൃശൂർ)
കർഷക സമരത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ച കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങാൻ തൃശൂരിൽ അഞ്ചു ദിവസമായി ചേർന്ന കിസാൻസഭ 35–-ാം അഖിലേന്ത്യാ സമ്മേളനം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏപ്രിൽ അഞ്ചിന് പാർലമെന്റ് മാർച്ച് നടത്തും. തൊഴിലാളി–- കർഷക ഐക്യത്തിലൂടെ മുന്നേറ്റം ശക്തമാക്കും. സംസ്ഥാനങ്ങളിലും സമരമുന്നണി ശക്തമാക്കുമെന്ന് പ്രസിഡന്റ് അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി വിജൂകൃഷ്ണനും പ്രതിനിധികളെ അഭിവാദ്യം ചെയ്ത് പ്രഖ്യാപിച്ചു.
കർഷകരുടെയും ആദിവാസികളുടെയും ഭൂമിക്കായുള്ള പോരാട്ടം ഏറ്റെടുക്കും. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കൊപ്പം അണിനിരക്കും. ജാതി, മതം, ഭാഷ എന്നിവയുടെ പേരിൽ ഭിന്നിപ്പിച്ച് സമരമുന്നേറ്റത്തെ തടയാനുള്ള ബിജെപി–- ആർഎസ്എസ് ശ്രമത്തെ പ്രതിരോധിക്കും. സംയുക്ത കിസാൻമോർച്ചയുടെ ഐക്യം ശക്തിപ്പെടുത്തും. ഗ്രാമീണ ക്യാമ്പയിൻ ഏറ്റെടുക്കും.
രണ്ടു കോടിയിലേറെ പേരെ അംഗങ്ങളാക്കാനും തീരുമാനിച്ചു. അഞ്ച്വർഷത്തെ കാർഷികപ്രശ്നം, പ്രവർത്തനം ശക്തമാക്കൽ, മറ്റ് രാജ്യങ്ങളിലെ കാർഷികരീതി, സമരമുന്നേറ്റം എന്നീ വിഷയങ്ങളെ മൂന്നാക്കി തിരിച്ചാണ് പ്രവർത്തന റിപ്പോർട്ടും ചർച്ചയും നടത്തിയത്. 62 പ്രതിനിധികളുടെ പൊതുചർച്ചയുടെകൂടി അടിസ്ഥാനത്തിൽ റിപ്പോർട്ട് അംഗീകരിച്ചു. കാർഷികമേഖല നേരിടുന്ന പ്രതിസന്ധി മോദി സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് സമ്മേളനം വിലയിരുത്തി.
ചെലവിന് അനുസരിച്ച വില കാർഷിക ഉൽപ്പന്നങ്ങൾക്ക് കിട്ടുന്നില്ല. കുറഞ്ഞ താങ്ങുവിലയ്ക്കായി കേന്ദ്ര സർക്കാർ അടിയന്തര നിയമനിർമാണം നടത്തണമെന്നതടക്കമുള്ള പ്രമേയവും പാസാക്കി. ചിലത് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ജനറൽ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ മുതിർന്ന നേതാവ് ഹന്നൻമൊള്ളയെ വിജൂകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് കണക്ക് അവതരിപ്പിച്ചു. സമ്മേളന സുവനീർ ഇ പി ജയരാജൻ അശോക്ധാവ്ളെയ്ക്ക് നൽകി പ്രകാശിപ്പിച്ചു. ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ പബിത്രകാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉജ്വല കർഷകറാലിയോടെ സമ്മേളനം സമാപിച്ചു. തേക്കിൻകാട് മൈതാനിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലെ സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
നയിക്കാൻ കേരളത്തിന്റെ പുതുനിര
കിസാൻ സഭയുടെ 77 അംഗ സെൻട്രൽ കിസാൻ കമ്മിറ്റിയിൽ കേരളത്തിൽനിന്നുള്ള ഒമ്പതുപേരെ അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്തു.
ഇ പി ജയരാജൻ, കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ്, വത്സൻ പനോളി, എം വിജയകുമാർ, എം പ്രകാശൻ, ഗോപി കോട്ടമുറിക്കൽ, ഓമല്ലൂർ ശങ്കരൻ, എം സ്വരാജ് എന്നിവരാണ് സെൻട്രൽ കമ്മിറ്റിയംഗങ്ങൾ. 149 അംഗ ഓൾ ഇന്ത്യ കിസാൻ കൗൺസിലിലേക്ക് കേരളത്തിൽനിന്ന് 22 പേരെയാണ് തെരഞ്ഞെടുത്തത്. ഒമ്പത് സെൻട്രൽ കമ്മിറ്റിയംഗങ്ങളെക്കൂടാതെ വി എം ഷൗക്കത്ത്, സി കെ രാജേന്ദ്രൻ, മുരളി പെരുനെല്ലി, പി എം ഇസ്മയിൽ, കെ തുളസി, എം എം മണി, കെ എം രാധാകൃഷ്ണൻ, ജി വേണുഗോപാൽ, വത്സല മോഹൻ, പി വിശ്വൻ, ജോർജ് മാത്യു, എ സി മൊയ്തീൻ, സക്കീന എന്നിവരാണ് കിസാൻ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.