കാസർകോട്
കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം (എൻഇപി) രൂപപ്പെടുത്താൻ സർവകലാശാലകളിൽ നടത്തുന്ന ശിൽപ്പശാലകളുടെ ചുമതല ആർഎസ്എസ് ആഭിമുഖ്യത്തിലുള്ള എൻജിഒയ്ക്ക്. നാഗ്പൂരിലെ ആർഎസ്എസ് പോഷകസംഘടനയായ ഭാരത് ശിക്ഷക് മഞ്ചാണ് കാസർകോട്ടെ കേരള കേന്ദ്രസർവകലാശാലയിലടക്കം ശിൽപ്പശാല സംഘടിപ്പിച്ചത്. ഇവരുടെ റിസർച്ച് ഫോർ റിസർജന്റ് ഫൗണ്ടേഷൻ (ആർഎഫ്ആർഎഫ്) എന്ന എൻജിഒയും സർവകലാശാലകളുമാണ് ഇന്ത്യയൊട്ടുക്കും പരിപാടി സംഘടിപ്പിക്കുന്നത്.
‘ചോള രാജവംശത്തിന്റെ വിദേശനയങ്ങൾ’ വിഷയത്തിൽ രണ്ടുദിവസത്തെ ശിൽപ്പശാലയാണ് കാസർകോട് കേന്ദ്രസർവകലാശാലയിലെ വകുപ്പുമേധാവികൾക്കും ഡീൻമാർക്കും തെരഞ്ഞെടുത്ത അധ്യാപകർക്കുമായി ഒരുക്കിയത്. ക്ലാസെടുത്തത് ഫൗണ്ടേഷൻ ഓർഗനൈസിങ് സെക്രട്ടറി മുകുൾ കനിട്കർ. ‘‘പുഷ്പകവിമാനം ഉണ്ടായിരുന്നുവെന്ന് തെളിവുകാണിച്ചാൽപോലും വിശ്വസിക്കാത്ത കാലമാണിത്. മനുസ്മൃതിയിലും കൗടില്യന്റെ അർഥശാസ്ത്രത്തിലും ഉന്നതമായ ജനാധിപത്യമാണുള്ളത്. ഭൂതകാലത്തെ മഹത്വത്തിലായിരിക്കണം വർത്തമാനകാലത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്’’ എന്നിങ്ങനെയായിരുന്നു കനിട്കറുടെ പ്രഭാഷണം.
ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വകുപ്പിൽ ആർഎസ്എസ് ശുപാർശയിൽ എത്തിയ അധ്യാപകനാണ് ശിൽപ്പശാല നടത്താനുള്ള പ്രോജക്ട് ലഭിച്ചത്.