തിരുവനന്തപുരം
ചെറിയ ചെലവിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന തിരുവനന്തപുരം സ്വദേശികളുടെ സ്റ്റാർട്ടപ് സംരംഭം വൻകരകൾ കീഴടക്കി മുന്നേറുന്നു. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ചെറിയ വിൻഡ് ടർബൈനുകളാണ് അവാൻ ഗാർ ഇന്നൊവേഷൻ സ്റ്റാർട്ടപ് വികസിപ്പിച്ചത്. സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിലെ മുഖ്യ ആകർഷകങ്ങളിൽ ഒന്നാണ് ഈ സ്റ്റാർട്ടപ്. തിരുവനന്തപുരം സ്വദേശികളും സഹോദരങ്ങളുമായ അരുൺ ജോർജും അനൂപ് ജോർജുമാണ് ഇതിനു പിന്നിൽ.
അന്റാർട്ടിക്കയും ഓസ്ട്രേലിയയും ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇവരുടെ ചെറിയ വിൻഡ് ടർബൈനുകൾ പ്രവർത്തിക്കുന്നു. രണ്ടു തവണ ലോകത്തിലെ ഏറ്റവും മികച്ച 20 ക്ലീൻടെക് സ്റ്റാർട്ടപ്പുകളിലൊന്നായി ഐക്യരാഷ്ട്രസഭ അവാൻ ഗാർ ഇന്നൊവേഷനെ തെരഞ്ഞെടുത്തു. പ്രതിദിനം മൂന്നു കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഇവരുടെ ചെറിയ ടർബൈനുകൾക്ക് കഴിയും. മറ്റു രാജ്യങ്ങളിൽ രണ്ടു ലക്ഷം വിലവരുന്ന ചെറിയ വിൻഡ് ടർബൈനുകൾക്ക് ഇവർ ഈടാക്കുന്നത് 80,000 രൂപമാത്രം.
ഇരുപത്തഞ്ച് വർഷം കേടുപാടില്ലാതെ ഉപയോഗിക്കാനാകുന്ന ടർബൈനുകൾ ഏതു കാലാവസ്ഥയിലും പ്രവർത്തിക്കാനുമാകും. ഇരുപത്തഞ്ചിലധികം സ്മോൾ വിൻഡ് ടർബൈൻ കമ്പനികൾ അമേരിക്കൻ സർക്കാരിനു കീഴിലുണ്ടായിട്ടും തങ്ങളുടേതാണ് അവർ ഉപയോഗിക്കുന്നതെന്ന് അരുൺ പറയുന്നു. മുൻ എംഎൽഎ പരേതനായ ജോർജ് മേഴ്സിയറുടെയും പ്രസന്നകുമാരിയുടെയും മക്കളാണ് ഇവർ.