നിലമ്പൂർ
നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാൻ സ്വയം ശബ്ദവും വെളിച്ചവും ഉണ്ടാക്കുന്ന മെഷീനുകൾ വ്യാപിപ്പിക്കാനൊരുങ്ങി വനംവകുപ്പ്. മനുഷ്യ–-വന്യജീവി സംഘർഷം രൂക്ഷമായയിടങ്ങളിലാണ് ആനിഡേഴ്സ് മെഷീനുകൾ (ആനിമൽ ഇൻട്രൂഷൻ ഡിറ്റക്ഷൻ ആൻഡ് റിപ്പലന്റ് സിസ്റ്റം) സ്ഥാപിക്കുക. സംഘർഷം തടയാൻ വനംവകുപ്പ് തയ്യാറാക്കിയ 1150 കോടി രൂപയുടെ പദ്ധതിയിലാണിത്.
സംഘർഷം അതിരൂക്ഷമായ 25 ടെറിട്ടോറിയൽ ഡിവിഷനുകളിലെ പ്രദേശങ്ങളും 10 വൈൽഡ് ലൈഫ് ഡിവിഷനുകളിലുമാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ചേർന്ന് വന്യജീവികൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാനുള്ള കാരണങ്ങളും പ്രതിരോധ മാർഗങ്ങളും പഠനത്തിന് വിധേയമാക്കിയിരുന്നു. ആനിഡേഴ്സ് മെഷീൻ സ്ഥാപിക്കുന്നതിലൂടെ വന്യജീവികളെ തടയാനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. പരീക്ഷണാടിസ്ഥാനത്തിൽ ഇടുക്കിയിലും തട്ടേക്കാടും സ്ഥാപിച്ചിട്ടുണ്ട്. ജിപിഎസ് ക്യാമറ ട്രാപ്പ്, നിരീക്ഷണ ക്യാമറകൾ, ഡിജിറ്റൽ സെൻസർ വാൾ, ഡ്രോണുകൾ, എസ്എംഎസ് അലർട്ട് സിസ്റ്റം, റിയൽ ടൈം മോണിറ്ററിങ് എന്നിവയും സ്ഥാപിക്കും.
ആനിഡേഴ്സ് മെഷീൻ
സൗരോർജത്തിലാണ് ഇവ പ്രവർത്തിക്കുക. ദൂരപരിധിയിലൂടെ മൃഗങ്ങളെ മെഷീൻ സെൻസർചെയ്യും. വന്യജീവികൾ ഈ പരിധിയിൽ പെട്ടാൽ ശബ്ദവും വെളിച്ചവും ഉണ്ടാകും. ഇതിലൂടെ മൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചയക്കാനാകും. ഏത് കാലവസ്ഥയേയും പ്രതിരോധിക്കാനാവും. മനുഷ്യർക്കും മൃഗങ്ങൾക്കും സുരക്ഷിതമാണ്.