തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിയിൽ ദക്ഷിണ റെയിൽവേ അധികൃതരുടെ കള്ളക്കളി. റെയിൽവേ ബോർഡിന് കെ–- റെയിൽ സമർപ്പിച്ച സാങ്കേതിക വിവരങ്ങൾ ദക്ഷിണ റെയിൽവേ പൂഴ്ത്തി. പദ്ധതിയെക്കുറിച്ച് റെയിൽ മന്ത്രി ലോക്സഭയിൽ നൽകിയ മറുപടിയിലാണ് കള്ളക്കളി പുറത്തായത്. കേന്ദ്രാനുമതി വ്യാമോഹമാണെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയും ദുരൂഹമാണ്.
സിൽവർ ലൈനിൽ റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിവരമെല്ലാം സമർപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മേഖലാ റെയിൽവേ വഴി മാത്രമേ രേഖ നൽകാനാകൂ എന്നതിനാലാണ് ദക്ഷിണ മേഖലാ അധികൃതർക്ക് കൈമാറിയത്. ഒമ്പതു ജില്ലയിലെ 108 ഹെക്ടർ റെയിൽവേ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ 3.6 ഹെക്ടറിലെ കെട്ടിടങ്ങൾ അടക്കം സ്ഥലവും സിൽവർ ലൈനിന് ആവശ്യമാണെന്ന രേഖകളും കൈമാറി. കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി ഏതാനും റെയിൽവേ മേൽപ്പാലങ്ങളും അടിപ്പാതകളും ഏറ്റെടുക്കേണ്ടിവരുന്ന റെയിൽവേ വസ്തുവിന്റെ പട്ടികയും കൈമാറി. റെയിൽവേ സ്റ്റേഷനുകളോടു ചേർന്ന് കടന്നുപോകുന്ന സിൽവർ ലൈനിന്റെ രൂപരേഖയും സമർപ്പിച്ചു. ഏറ്റെടുക്കൽ വില കേന്ദ്ര സർക്കാരിന്റെ ഓഹരി വിഹിതമായി കണക്കാക്കാമെന്നും അറിയിച്ചു.
അലൈൻമെന്റിൽ വരുന്ന റെയിൽവേ ഭൂമിയുടെയും ലെവൽ ക്രോസുകളുടെയും വിശദാംശം കെ–- -റെയിലിന്റെയും സതേൺ റെയിൽവേയുടെയും സംയുക്ത പരിശോധനയിലാണ് തയ്യാറാക്കിയത്. ഇതാണ് റെയിൽവേ ബോർഡിന് സമർപ്പിച്ചത്. 2020 സെപ്തംബർ ഒമ്പതിന് സിൽവർ ലൈൻ ഡിപിആറും റെയിൽവേ ബോർഡിന് നൽകിയിരുന്നു. ഇതു പരിശോധിച്ച് ബോർഡ് ഉന്നയിച്ച മറ്റു സംശയത്തിനെല്ലാം നേരത്തേതന്നെ മറുപടി ലഭ്യമാക്കിയിരുന്നു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (ലോക്സഭയിൽ)
സിൽവർ ലൈനിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ധന വിശദാംശങ്ങളടക്കം ഡിപിആർ ഉൾപ്പെടെ തയ്യാറാക്കാൻ ഈ അനുമതി മതി. ഡിപിആർ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സാങ്കേതിക സാധ്യതകൾ സംബന്ധിച്ച കൂടുതൽ രേഖകൾ ആവശ്യപ്പെട്ടത് കെ–- റെയിൽ ലഭ്യമാക്കിയിട്ടില്ല.
കേന്ദ്ര സഹമന്ത്രി
വി മുരളീധരൻ
സിൽവർ ലൈനിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്നത് വ്യാമോഹം. സിൽവർ ലൈനിന്റെ പേരിൽ കേരളത്തിന്റെ കണ്ണായ പല സ്ഥലങ്ങളിലും വിലയിടിയാൻ സാധ്യതയുണ്ട്.