തിരുവനന്തപുരം> തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായിരുന്ന സുശീല ഗോപാലന്റെയും എ കണാരന്റെയും ചരമവാർഷികം 19ന് സമുചിതം ആചരിക്കാൻ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു. പാർടി കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ച സുശീല ഗോപാലൻ അന്തരിച്ചിട്ട് 21 വർഷം പിന്നിടുന്നു. 1971ൽ രൂപീകരിച്ച കയർ വർക്കേഴ്സ് സെന്റർ സ്ഥാപക പ്രസിഡന്റായിരുന്നു. വ്യവസായ മന്ത്രിയായും പാർലമെന്റ് അംഗമായും ശ്രദ്ധേയ പ്രവർത്തനം നടത്തി.
കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 18 വർഷം തികയുന്നു. നിയമസഭയ്ക്കകത്തും പുറത്തും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിട്ടുവീഴ്ചയില്ലാതെ പോരാടി. പാർടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരിക്കെ അന്തരിച്ചു. വൻകിട കുത്തകകളെ മാത്രം സഹായിക്കുന്ന നിലപാടെടുക്കുന്ന കേന്ദ്ര ബിജെപി സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണിത്.
മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭം ആവശ്യമാണ്. അതേസമയം സമൂഹത്തിലെ എല്ലാവിഭാഗത്തിന്റെയും പ്രശ്നങ്ങൾ പരിഗണിച്ചാണ് കേരളത്തിൽ എൽഡിഎഫ് ഭരണം മുന്നോട്ടു പോകുന്നത്. ഈ സർക്കാരിനെ കൂടുതൽ കരുത്തുറ്റതാക്കാൻ ദിനാചരണ വേളയിൽ പ്രതിജ്ഞയെടുക്കണമെന്നും സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.