ന്യൂഡൽഹി> വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം സമഗ്രപഠനത്തിന് ശേഷമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ കേന്ദ്രപരിസ്ഥിതി മന്ത്രി അശ്വനി കുമാർ ചൗബെ ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. മുൻകൂർ പാരിസ്ഥിതിക– കോസ്റ്റൽ സോൺ റെഗുലേഷൻ അനുമതിക്കായി നൽകിയ അപേക്ഷയ്ക്കൊപ്പം പാരിസ്ഥിതിക ആഘാത പഠനറിപ്പോർട്ട് സമർപ്പിച്ചിരുന്നതായും പദ്ധതി യാതൊരു തരത്തിലുമുള്ള പാരിസ്ഥതിത പ്രശ്നങ്ങൾ ഉയർത്തുന്നതല്ലന്നും മന്ത്രി പറഞ്ഞു.
തരംഗ അസ്വസ്ഥത പഠനം, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, ഡ്രഡ്ജ് സ്പോയിൽ ഡിസ്പോസൽ പഠനം, തീരത്തെ മാറ്റങ്ങളുടെ പഠനം തുടങ്ങിയവയെല്ലാം പാരിസ്ഥിതിക ആഘാത പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പഠനങ്ങളുടെയും നൽകിയ ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് സമഗ്ര പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കിയത്. കൂടാതെ നിർമാണ സമയത്തും തുറമുഖത്തിന്റെ പ്രവർത്തന ഘട്ടങ്ങളിലും ഉയർന്നുവന്നേക്കാവുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും പരിഹരിക്കുന്നതിനും പരിസ്ഥിതി മാനേജ്മെന്റ് പ്ലാനും അതിന്റെ മാർഗങ്ങളും തയ്യാറാക്കിയുട്ടുള്ളതായും ചൗബെ രാജ്യസഭയിൽ മറുപടി നൽകി.