കുവൈറ്റ് സിറ്റി > ഗോകുലം കലാക്ഷേത്രയുടെ പതിനൊന്നാം അരങ്ങേറ്റം ‘നൃത്തോത്സവ്’ ഡിസംബർ 16 വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയയിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ അബ്ദുൽ റഹ്മാൻ ഇബ്രാഹിം അൽ മജീദ് ( ചെയർമാൻ അൽ മജീദ് ട്രേഡിങ് കമ്പനി) ഉദ്ഘാടനം ചെയ്യും. ഡോക്ടർ സുസോവന സുജിത്ത് നായർ ( മെഡിക്കൽ ഓങ്കോളജിസ്റ്റ്), സജീവ് നാരായണൻ ( പ്രസിഡന്റ് സാരഥി കുവൈറ്റ്), ഫാദർ ലിജു പൊന്നച്ചൻ ( സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക കുവൈറ്റ്) എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികൾ ആയി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി .
ഗോകുലം കലാക്ഷേത്രയിൽ ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി എന്നിവയിൽ ഗോകുലം ഹരിയുടെ ശിക്ഷണത്തിൽ അഭ്യസിച്ച 96 ഓളം കുട്ടികളും കൂടാതെ ഭരതനാട്യത്തിൽ മുതിർന്നവരും ‘നൃത്തോത്സവത്തിൽ അരങ്ങേറ്റം കുറിക്കുന്നു. നൃത്ത വേദിക്ക് പാശ്ചാത്തല സംഗീതം ഒരുക്കാൻ നാട്ടിൽ നിന്നും എത്തുന്ന കലാകാരന്മാർ കലാമണ്ഡലം സാഗർ ദാസ് ( വോക്കൽ), കലാമണ്ഡലം സുബീഷ്( മൃദംഗം), ഗാനഭൂഷണം ശ്രീജിത്ത് ( വയലിൻ), എന്നിവരോടൊപ്പം കുവൈറ്റിൽ നിന്നും രാജേഷ് റാം( വോക്കൽ), ഹരിദാസ് കുറുപ്പ്( നട്ടുവാങ്കം) എന്നിവരും ചേരുന്നു.
2008 ൽ ഡാൻസ് മാസ്റ്റർ ഗോകുലം ഹരിയുടെ നേതൃത്വത്തിൽ അബ്ബാസിയയിലാണ് ഗോകുലം കലാക്ഷേത്ര പ്രവർത്തനം ആരംഭിച്ചത് .അബ്ബാസിയ,സാൽമിയ, ഖൈത്താൻ എന്നീ മൂന്ന് ബ്രാഞ്ചുകളിലായി പ്രവർത്തിക്കുന്ന ഗോകുലം കലാക്ഷേത്രയിൽ ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി എന്നിവയിൽ ഇതുവരെ നൃത്ത പഠനം പൂർത്തിയാക്കിയത് കുട്ടികളും മുതിർന്നവരും ആയി ആയിരത്തിൽ പരം ആളുകളാണ്.
വാർത്താസമ്മേളനത്തിൽ ഗോകുലം കലാക്ഷേത്ര ഡയരക്ടർ ഗോകുലം ഹരി, പ്രോഗ്രാം കോർഡിനേറ്റർമാരായ പ്രിയേഷ് കണോത്ത് , ജോബിൻ തോമസ്, ഷൈജു പോൾ, ഗോകുൽ ദാസ് എന്നിവർ പങ്കെടുത്തു .