ദോഹ
ക്രൊയേഷ്യയുമായുള്ള കളിയുടെ 19–-ാംമിനിറ്റ്. ലുസെയ്ൽ സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾ ഒരു നിമിഷം നിശബ്ദരായി. അവർ ലയണൽ മെസിയെന്ന നായകനെ ആശങ്കയോടെ നോക്കി. മെസി, തന്റെ ഇടംകാലിൽ പിടിച്ചുനിന്നു. പേശീവലിവിന്റെ വേദന. കണ്ട സ്വപ്നങ്ങൾ ഒരു ദുരന്തചിത്രമായി മാറുമോയെന്ന് അവർ ഭയന്നു. അസ്വസ്ഥനായ മെസിയെ കണ്ടു. അർജന്റീനയുടെ കളിക്ക് ചലനമറ്റു.
അശുഭചിന്തകൾ 34–-ാംമിനിറ്റിൽ മാറി. ഡൊമിനിക് ലിവാകോവിച്ചിനെ കാഴ്ചക്കാരനാക്കിയ പെനൽറ്റി മെസിക്ക് അത്ഭുതമരുന്നായി. കളമുണർന്നു.
രൂപവും ഭാവവും മാറിയ മെസിയെ സ്ലാട്കോ ഡാലിച്ച് എന്ന ക്രൊയേഷ്യൻ പരിശീലകൻ ഭയത്തോടെ നോക്കി. പിൻനിരയിലെ തന്റെ ആയുധങ്ങളെ ഡാലിച്ച് മൂർച്ചകൂട്ടി. മെസിയുടെ നിഴലായിനിന്ന യോസ്കോ ഗ്വാർഡിയോൾ എന്ന ഇരുപതുകാരന് അപകടസൂചന ലഭിച്ചു. ഈ ലോകകപ്പിലെതന്നെ ഏറ്റവും മികച്ച പ്രതിരോധതാരമെന്ന് പേരുള്ള ഗ്വാർഡിയോൾ പിന്നെ മാന്ത്രികനീക്കങ്ങളുടെ കാഴ്ചക്കാരനായി. ലുസെയ്ലിൽ അയാൾ മറഞ്ഞുപോയി. 69–-ാംമിനിറ്റിൽ എത്ര ശ്രമിച്ചിട്ടും പിടിതരാതെ, ബോക്സിനുള്ളിലേക്ക് പാഞ്ഞുകയറിയ ഒരു കുറിയ മനുഷ്യനിൽനിന്ന് എങ്ങനെയാണ് പന്ത് അടർത്തിയെടുക്കുക എന്ന് ആലോചിച്ച് ആ ഇരുപതുകാരൻ വശംകെട്ടു. ഒടുവിൽ തന്റെ കാൽവിടവിലൂടെ തെന്നിപ്പോയ നീക്കത്തിൽ ഞെട്ടിനിൽക്കാനേ ഗ്വാർഡിയോളിന് കഴിഞ്ഞുള്ളൂ.
പ്രായം 35 ആണെന്നത് മെസിയുടെ കാലുകൾ മറന്നു. കാലം 2022 ആണെന്നത് മനസ്സും. റൊസാരിയോയിലെ മായാജാലക്കാരനെ ലുസെയ്ൽ കണ്ടു.
അവസാന വിസിലിനുശേഷം സ്കലോണി മെസിയുടെ കൈകളെ പുണർന്നു. കണ്ണീരിറ്റു. ഒരു മഹത്തായ സ്വപ്നത്തിന്റെ അവസാന പടവിലാണ് നമ്മളെന്ന് അവർ പറയാതെപറഞ്ഞു.
സൗദി അറേബ്യയോട് ആദ്യകളിയിൽ തോറ്റനിമിഷം. പിന്നെ ഉയിർപ്പ്. എല്ലാ കളിയിലും മെസി മുദ്ര ചാർത്തി. ഗോളുകൾകൊണ്ട്, അവസരങ്ങൾ സൃഷ്ടിച്ച്, താക്കോൽ പാസുകൾ തൊടുത്ത്. പന്തില്ലാത്ത സമയം, അലസനായി നടന്നുനീങ്ങുന്ന മനുഷ്യൻ പന്ത് തൊടുമ്പോൾ സംഹാരരൂപത്തിലാകുന്നത് ഖത്തർ പലതവണ കണ്ടു.
അർജന്റീന നേടിയ 12 ഗോളിൽ അഞ്ചെണ്ണം മെസിയുടെ പേരിലാണ്. മൂന്നെണ്ണത്തിന് അവസരവുമൊരുക്കി. ഇനിയൊരു ലോകകപ്പില്ലെന്ന് ഈ മുപ്പത്തഞ്ചുകാരൻ വ്യക്തമാക്കിയിരിക്കുന്നു. ഈ കുതിപ്പിന് ഒരു കിരീടത്തിൽ തൊടണം. 2014 മാറക്കാനായിലെ വേദനകളെ മായ്ക്കണം. ലോക കിരീടംകൊണ്ട് കളിജീവിതം മനോഹരമായി അടയാളപ്പെടുത്തണം. 1986ൽ ദ്യേഗോ മാറഡോണ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചപോലെ, യൊക്കോഹോമയിൽ 2002ൽ ബ്രസീൽ താരം റൊണാൾഡോ തിരിച്ചുവരവിന്റെ ചരിത്രമെഴുതിയപോലെ ഒരു നിമിഷം പിറക്കാൻ മെസിയും കാത്തിരിക്കുന്നു.
അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ
ക്രൊയേഷ്യക്കെതിരായി ലക്ഷ്യം കണ്ടതോടെ ലോകകപ്പിൽ അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസി. 11 ഗോളായി മുപ്പത്തഞ്ചുകാരന്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ (10) മറികടന്നു. അഞ്ച് ലോകകപ്പുകളിലായി എട്ട് അവസരങ്ങളും ഒരുക്കി. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമെന്ന ജർമൻ ഇതിഹാസം ലോതർ മതേവൂസിന്റെ നേട്ടത്തിനൊപ്പവുമെത്തി മെസി. ക്രൊയേഷ്യക്കെതിരെ 25–-ാംമത്സരമായിരുന്നു. 2006 മുതൽ എല്ലാ പതിപ്പിലും പന്തുതട്ടി. 2014ൽ ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുത്തു.
കണക്കുകളിലും
മുന്നിൽ
ലോകകപ്പിലെ എല്ലാ കണക്കുകളിലും ഒന്നാമനാണ് ലയണൽ മെസി. അഞ്ച് ഗോളുമായി സുവർണപാദുകത്തിനായുള്ള പോരിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയ്ക്കൊപ്പമുണ്ട്. കൂടുതൽ അവസരങ്ങൾ ഒരുക്കിയതിലും മുന്നിലുണ്ട് (3). ഒൺടോയ്ൻ ഗ്രീസ്മാൻ, ബ്രൂണോ ഫെർണാണ്ടസ്, ഹാരി കെയ്ൻ എന്നിവരും മൂന്ന് ഗോളവസരം ഒരുക്കി. ഏറ്റവും കൂടുതൽ ഷോട്ട്–-27, എതിർവല ലക്ഷ്യമാക്കി കൂടുതൽ ഷോട്ട് പായിച്ചത്–-14, അവസരങ്ങൾ സൃഷ്ടിച്ചത്–-18 തുടങ്ങി സർവതലത്തിലും മെസി ഒന്നാമതുണ്ട്.
ഇത്
അവസാനത്തേത്
ഞായറാഴ്ച ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടം ലോകകപ്പിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസി. ‘ലോകകപ്പിലെ യാത്ര ഫൈനലിൽവരെ എത്തിക്കാനായതിൽ സന്തോഷവാനാണ്. ഖത്തർ ലോകകപ്പിൽ വികാരനിർഭര നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. അടുത്ത ലോകകപ്പിലേക്ക് ഇനിയും വർഷങ്ങളേറെയുണ്ട്. ഇപ്പോഴത്തെ പ്രകടനം അന്ന് ആവർത്തിക്കാനാകുമെന്ന് തോന്നുന്നില്ല. അതിനാൽ ലോകകപ്പ് മത്സരങ്ങൾ ലുസെയ്ലിലെ ഫൈനലോടെ അവസാനിപ്പിക്കുന്നതാണ് ഉചിതം’–- മെസി പറഞ്ഞു.
.jpg)
2014ൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന ലോകകപ്പ് ഫൈനലിൽ കടന്നിരുന്നു. 2016 ജൂണിൽ രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിരമിക്കൽ പ്രഖ്യാപച്ച മെസി രണ്ട് മാസത്തിനുശേഷം തീരുമാനം പിൻവലിച്ച് അർജന്റീനൻ ജേഴ്സിയിൽ തിരിച്ചെത്തി. അർജന്റീനയ്ക്കായി 172 മത്സരങ്ങളിൽനിന്ന് മെസി 97 ഗോളുകൾ നേടിയിട്ടുണ്ട്.















