കൊച്ചി
കെഎസ്ആർടിസിയുടെ ‘യാത്ര ഫ്യുവൽസ്’ പമ്പുകളിൽ ദിവസ വിറ്റുവരവ് എട്ട് ലക്ഷം രൂപവരെ. പെട്രോളും ഡീസലുമായി 5500–-6000 ലിറ്ററോളം ചെലവാകുന്നു. പതിനൊന്ന് പമ്പുകളാണ് കെഎസ്ആർടിസി സംസ്ഥാനത്ത് പൊതുജനങ്ങൾക്കുകൂടി തുറന്നത്.
മൂന്നാറിലെ പമ്പിലാണ് ദിവസവും എട്ട് ലക്ഷം രൂപ ലഭിക്കുന്നത്. സീസണിൽ ഇത് 15 ലക്ഷം വരെയാകും. 5500 ലിറ്റർ ഡീസലും 2500 ലിറ്റർ പെട്രോളും ശരാശരി പോകുന്നു. മറ്റ് പമ്പുകളിൽ ദിവസേന അഞ്ച് ലക്ഷം രൂപയോളം വിറ്റുവരവുണ്ട്. 3000 ലിറ്റർ പെട്രോളും 2500 ലിറ്ററർ ഡീസലും വിൽക്കുന്നു. 2021 സെപ്തംബർ 15ന് തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് ആദ്യ പമ്പ് തുറന്നത്. പെട്രോൾ മാത്രം നൽകിയിരുന്നിടത്ത് ആവശ്യക്കാർ ഏറിയതോടെ ഡീസലും നൽകിത്തുടങ്ങി. ഇന്ധനം നിറയ്ക്കാനെത്തുന്ന പതിവുകാരും വർധിച്ചു. ഓട്ടോ, ടാക്സി തൊഴിലാളികളും കൂടുതൽ എത്തിത്തുടങ്ങി.
കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെ ‘യാത്ര ഫ്യുവൽസ്’പദ്ധതി. തിരുവനന്തപുരം കിഴക്കേക്കോട്ട, ചടയമംഗലം, കിളിമാനൂർ, മാവേലിക്കര, ചേർത്തല, മൂവാറ്റുപുഴ, പറവൂർ, തൃശൂർ, ഗുരുവായൂർ, ചാലക്കുടി എന്നിവിടങ്ങളിലാണ് നിലവിൽ തുറന്നത്. എറണാകുളം ജില്ലയിൽ പെരുമ്പാവൂർ, ആലുവ കെഎസ്ആർടിസി ഡിപ്പോ, ആലുവ റീജണൽ വർക്ഷോപ് എന്നിവിടങ്ങളിലടക്കം കൂടുതൽ പമ്പുകൾ ജൂണോടെ ജനകീയമാക്കും. 75 പമ്പുകളാണ് പൊതുജനങ്ങൾക്കുകൂടി തുറക്കുന്നതെന്ന് കെഎസ്ആർടിസി മധ്യമേഖല അസി. വർക്സ് മാനേജർ പി എം ദിൽഷാദ് പറഞ്ഞു.















