തിരുവനന്തപുരം
തെറ്റായ ജിഎസ്ടി കുടിശ്ശിക വാദം ഉയർത്തി കോൺഗ്രസ് നേതാവ് ശശി തരൂർ പാർലമെന്റിൽ കേരളത്തെ അപമാനിച്ചു. കഴിഞ്ഞദിവസം ജിഎസ്ടിയുമായി ബന്ധപ്പെട്ട ചോദ്യം ലോക്സഭ പരിഗണിക്കവേയാണ് തരൂർ സഭയെ തെറ്റിധരിപ്പിച്ചത്. കേരളത്തിന് 4439 കോടി രൂപ കുടിശ്ശിക കിട്ടാനുണ്ടെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞെന്നായിരുന്നു വാദം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഈ കണക്ക് തള്ളി. മന്ത്രി പറഞ്ഞെന്ന പേരിൽ തരൂർ നടത്തിയ പരാമർശം കേരളത്തെ ഇകഴ്ത്താൻ ദേശീയ മാധ്യമങ്ങളടക്കം ഉപയോഗിച്ചു.
ഈ വർഷം ജൂൺവരെ സംസ്ഥാന കണക്കിൽ ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കേണ്ടത് 3130.72 കോടി രൂപയാണ്. ഇതിൽ 2354.37 കോടി രൂപ അനുവദിച്ചു. ബാക്കിയുള്ളത് 776.35 കോടിയും. 2017–-18ൽ 57.32 കോടിയും, 2018–-19ൽ 25.79 കോടിയും, 2020–-21ൽ 12.53 കോടിയുമാണ് കുടിശികയുള്ളത്. 2019–-20ൽ 11.40 കോടി അധികം തന്നിട്ടുണ്ട്. കണക്കുകൾ ഇതായിരിക്കെ, തരൂർ തെറ്റായ കണക്ക് ലോകസഭയിൽ അവതരിപ്പിച്ചതിലൂടെ സംസ്ഥാനത്തെ അപമാനിക്കുകയായിരുന്നു.















