കൊച്ചി
കെടിയു നിയമപ്രകാരം സെർച്ച് കമ്മിറ്റി ഉണ്ടാക്കാനോ പ്രതിനിധിയെ നിയമിക്കാനോ ചാൻസലർക്ക് അധികാരമില്ലെന്ന ഹൈക്കോടതിവിധി രാഷ്ട്രീയക്കളിയുമായിറങ്ങിയ ഗവർണർക്കേറ്റ വൻ പ്രഹരമാണ്. മറ്റ് സർവകലാശാലകളിലെ നാമനിർദേശത്തിനും ഇത്ബാധകമാണെന്ന് വിധിയിൽ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുന്നുണ്ട്. മുഴുവൻ വൈസ് ചാൻസലർമാരെയും പുറത്താക്കാനുള്ള ഗവർണറുടെ ചട്ടവിരുദ്ധനീക്കം പൊളിച്ചടുക്കുന്നതാണിത്. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാക്കിയ സർവ്വകലാശാല നിയമഭേദഗതിബിൽ തടഞ്ഞുവെച്ച ഗവർണറുടെ നടപടിയുടെ നിയമവിരുദ്ധതയും വിധി തുറന്നുകാണിക്കുന്നു.

യുജിസി ചട്ടമനുസരിച്ച് വിസി നിയമനത്തിനുള്ള സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സർവകലാശാലകളുടെ പ്രവർത്തനത്തിൽനിന്ന് സർക്കാരുകളെ പൂർണമായും മാറ്റിനിർത്താനോ പറ്റില്ല. സെനറ്റും സിൻഡിക്കറ്റും ഉൾപ്പെടുന്ന സർവകലാശാലകൾക്ക് ജനാധിപത്യരീതിയിലേ പ്രവർത്തിക്കാനാകൂ എന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കെടിയു വിസിയായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിനെ ഏകപക്ഷീയമായാണ് ചാൻസലർ നിയമിച്ചത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു അത്. ഇത് സർക്കാർ ചോദ്യംചെയ്തപ്പോൾ സിസ തോമസിനെ തുടരാൻ സിംഗിൾ ബെഞ്ച് അനുവദിച്ചു. സേർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെക്കൂടെ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.















