കളിയിലെ അഴകും ശൗര്യവും ഇന്ന് മുഖാമുഖം കാണും. ലോകകപ്പ് സെമിയിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടുമ്പോൾ അത് യൂറോപ്പും ആഫ്രിക്കയും തമ്മിലുള്ള പോരുകൂടിയാകും. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ രാത്രി 12.30നാണ് കളി. ഫ്രഞ്ച് കോളനിയായിരുന്ന മൊറോക്കോ ലോകകപ്പിൽ ആദ്യമായാണ് ഫ്രാൻസിനെ നേരിടുന്നത്. ബൽജിയം, സ്പെയ്ൻ, പോർച്ചുഗൽ –- മൊറോക്കോയുടെ അവിശ്വസനീയകുതിപ്പിൽ വീണവരൊന്നും ചെറിയവരല്ല. ആ പട്ടികയിലേക്ക് ചേരാൻ ചാമ്പ്യൻമാരായ ഫ്രാൻസ് ആഗ്രഹിക്കുന്നില്ല. അതിനാൽ എതിരാളിയെ ഒട്ടും കുറച്ചുകാണേണ്ടെന്നാണ് കോച്ച് ദിദിയർ ദെഷാം കളിക്കാർക്ക് നൽകിയ നിർദേശം. അമിതമായ ആത്മവിശ്വാസം അപകടമുണ്ടാക്കുമെന്ന വലിയ തിരിച്ചറിവ്.
പരന്നൊഴുകുന്ന കളിപ്പടയാണ് ഫ്രഞ്ചുകാരുടേത്. കളിയുടെ എല്ലാ മേഖലയിലും ആധിപത്യമുള്ള ടീം. ഗോളടിയുടെ അനായാസതയാണ് ടീമിനെ വ്യത്യസ്തമാക്കുന്നത്. അഞ്ച് ഗോളുമായി മൈതാനം നിറയുന്ന കിലിയൻ എംബാപ്പെതന്നെ മുഖ്യ ആയുധം. എംബാപ്പെയെ പൂട്ടിയാലും എതിർ ഗോൾമുഖത്ത് ബോംബിടാൻ ശേഷിയുള്ളവർ ധാരാളം. ഒൺടോയ്ൻ ഗ്രീസ്മാനും ഒളിവർ ജിറൂവും ഡെംബെലെയും കളംനിറയും. ആഴവും വൈവിധ്യവുമുള്ള പ്രതിരോധമാണ് മൊറോക്കോയുടെ സവിശേഷത. എന്നാൽ, പൂർണസമയവും പ്രതിരോധിച്ച് മുഷിപ്പിക്കാതെ പ്രത്യാക്രമണം നടത്തുന്നതിലും ശ്രദ്ധിക്കുന്നു. അഷ്റഫ് ഹക്കീമിയും നയേഫ് അഗുയേർദും കാവൽനിൽക്കുന്ന പ്രതിരോധകോട്ടയിൽ കയറുക എളുപ്പമല്ല. കയറിയാൽത്തന്നെ ഗോൾകീപ്പർ യാസിൻ ബോണോ അമാനുഷികനായി നിലകൊള്ളുന്നു. ഈ പോസ്റ്റിൽ ഇതുവരെ എതിരാളിക്ക് പന്തെത്തിക്കാൻ സാധിച്ചിട്ടില്ല. ഒരിക്കൽ വീണത് പിഴവുഗോളുമായിരുന്നു.
ഏഴാംസെമി കളിക്കുന്ന ഫ്രാൻസ് നാലാംറാങ്കുകാരാണ്. 1998ലും 2018ലും ജേതാക്കളായി. 1962ൽ ബ്രസീലിനുശേഷം കിരീടം നിലനിർത്താൻ ഒരുങ്ങുകയാണ്. 2006ൽ റണ്ണറപ്പായിരുന്നു. 1986ലും 1958ലും മൂന്നാംസ്ഥാനം. 1982ൽ നാലാമതായിരുന്നു. ലോക റാങ്കിങ്ങിൽ 22–-ാംസ്ഥാനത്തുള്ള മൊറോക്കോ ആറാമത്തെ ലോകകപ്പാണ് കളിക്കുന്നത്. 21 കളിയിൽ ആറ് ജയംമാത്രം. അതിൽ നാലും ഇക്കുറി നേടിയതാണ്. ഇരുടീമുകളും 11 തവണ മുഖാമുഖം കണ്ടപ്പോൾ ഏഴ് തവണയും വിജയം ഫ്രാൻസിനൊപ്പമായിരുന്നു. ഒരിക്കൽ മൊറോക്കോ ജയിച്ചു.
കിലിയൻ എംബാപ്പെ
ഫ്രാൻസ് മുന്നേറ്റക്കാരൻ
വയസ്സ്: 23, മത്സരം: 64
ലോകകപ്പിൽ 5 ഗോൾ, 2 ഗോളവസരം
ഫ്രാൻസിന് തുടർച്ചയായ രണ്ടാംലോകകപ്പും സമ്മാനിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കിലിയൻ എംബാപ്പെ. 2018ൽ റഷ്യയിൽ നാല് ഗോളാണ് നേടിയത്. മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. ഇത്തവണ സൂപ്പർതാരമായാണ് വരവ്. ബാലൻ ഡി ഓർ ജേതാവ് കരീം ബെൻസമെ പരിക്കേറ്റ് പിന്മാറിയതിന്റെ അഭാവം അറിയിക്കാതെ എംബാപ്പെ ഫ്രാൻസിനെ നയിച്ചു. ഗോളടിച്ചും ഗോളടിപ്പിച്ചും നിറഞ്ഞാടി. അഞ്ച് കളിയിൽ ആകെ ഏഴ് ഗോളിൽ പങ്കാളിയായി. അഞ്ച് ഗോളും രണ്ട് സഹായവും. സുവർണപാദുകത്തിനായുള്ള പോരിൽ ഒന്നാമൻ. മൊറോക്കോയുടെ ഉറച്ച പ്രതിരോധത്തിന് ഫ്രാൻസിന്റെ മറുപടിയാണ് എംബാപ്പെ. ഇരുപത്തിമൂന്നുകാരന്റെ വേഗത്തിനും കരുത്തിനും ഡ്രിബ്ലിങ് പാടവത്തിനുംമുന്നിൽ എതിരാളിക്ക് മറുപടിയില്ല. 21 തവണയാണ് ഗോളിനായി ശ്രമിച്ചത്. സഹതാരങ്ങളിൽനിന്ന് 129 പ്രാവശ്യം പന്ത് കിട്ടി. എംബാപ്പെയെ കേന്ദ്രീകരിച്ചുള്ള ഫ്രഞ്ച് മുന്നേറ്റത്തെ തകർത്താൽമാത്രമേ ആഫ്രിക്കക്കാർക്ക് രക്ഷയുള്ളൂ.
അഷ്റഫ് ഹക്കീമി
മൊറോക്കോ പ്രതിരോധക്കാരൻ
വയസ്സ്: 24, മത്സരം: 59
ലോകകപ്പിൽ 228 പാസുകൾ
ലോകകപ്പ് കണ്ട ഏറ്റവും മികച്ച വലത് പ്രതിരോധക്കാരൻ. മൊറോക്കോയുടെ പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും കണ്ണിയാണ് അഷ്റഫ് ഹക്കീമി. വലതുമൂലയിൽ എതിരാളിയിൽനിന്ന് പന്ത് പിടിച്ചെടുത്ത് കുതിക്കും. കൃത്യമായ ക്രോസും പാസുകളും യഥേഷ്ടം നൽകും. മൊറോക്കോയ്ക്കായി ഏറ്റവും കൂടുതൽ പാസുകൾ നൽകിയ താരമാണ്. 228. എതിർ പ്രതിരോധം മറികടന്ന് കൂടുതൽവട്ടം മുന്നേറ്റനിരയിലേക്ക് കുതിച്ചു–- 64 പ്രാവശ്യം. ശാരീരികക്ഷമതയും അച്ചടക്കവുമാണ് ഹക്കീമിയെ വ്യത്യസ്തനാക്കുന്നത്. മൈതാനമൂലയിലൂടെ അനായാസം പന്ത് കാലിൽ കോർത്ത് മുന്നേറാനുള്ള മിടുക്കിൽ എതിരാളി കാഴ്ചക്കാരനാകും. ഹക്കീമിയെ അടക്കിനിർത്തിയാൽ മാത്രമാണ് ഫ്രാൻസിന് മൊറോക്കോയുടെ മുനയൊടിക്കാനാകു. സ്പെയ്നിൽ ജനിച്ച ഇരുപത്തിനാലുകാരൻ റയൽ മാഡ്രിഡിന്റെ കളരിയിലാണ് കളി പഠിച്ചത്. റയൽ, ബൊറൂസിയ ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ ക്ലബ്ബുകളിൽ കളിച്ചു. കഴിഞ്ഞവർഷംമുതൽ പിഎസ്ജിയിൽ. ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയാണ് പിഎസ്ജിയിലെ ഉറ്റചങ്ങാതി.